ഗുരുവായൂര്‍: തിരുവെങ്കിടത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തല്ലിതകര്‍ത്ത നിലയില്‍. തിരുവെങ്കിടം അയോധ്യ നഗറില്‍ കൊഴക്കി പ്രദീപിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലാണ് അടിച്ചു തകര്‍ത്തത്. ബിജെപി ഗുരുവായൂര്‍ മേഖല കമ്മറ്റി അംഗമാണ് പ്രദീപ്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു കിടക്കുന്നതായി കണ്ടു. ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് ബി.ജെ.പി.യുടെ ഫ്ലക്സ് ബോര്‍ഡുകള്‍ വ്യാപകമായി തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂരില്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളിലൊന്നും പ്രതികളെ പിടിക്കാന്‍ പോലീസ് ഇതുവരെ താല്പര്യം കാണിച്ചിട്ടില്ലെന്ന് ബി.ജെ.പി.മുനിസിപ്പല്‍ കമ്മറ്റി യോഗം കുറ്റപ്പെടുത്തി.
ഗുരുവായൂരിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കാതെ എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് കെ.ആര്. ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ബാലന് തിരുവെങ്കിടം, സൂരജ് കര്‍ണ്ണംകോട്ട്, ബിജു പട്ട്യേമ്പുള്ളി, കെ.ടി.ബാലന്, മനീഷ് കുളങ്ങര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: