ഹോം » കേരളം » 

സിപിഎം വികസനത്തിനും സമാധാനത്തിനും ഭീഷണി: ഗഡ്കരി

പ്രിന്റ്‌ എഡിഷന്‍  ·  October 17, 2017
ജനരക്ഷാ യാത്ര

ജനരക്ഷായാത്രയ്ക്ക് കൊല്ലത്ത് നല്‍കിയ സ്വീകരണത്തില്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി സംസാരിക്കുന്നു (ചിത്രം അനില്‍ ഗോപി)

കൊല്ലം: സിപിഎമ്മിന്റേത് കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ നേതൃത്വത്തെ തുടച്ചുമാറ്റാന്‍ സമയമായി. നാടിന്റെ വികസനത്തിനും സമാധാനത്തിനും ഭീഷണിയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ജനരക്ഷായാത്രയുടെ സ്വീകരണമഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗഡ്കരി.

കമ്മ്യൂണിസ്റ്റുകളായിരുന്ന രാജ്യങ്ങള്‍ അതിനെ വലിച്ചെറിഞ്ഞു. റഷ്യയില്‍ കമ്മ്യൂണിസം ഇല്ലാതായി. ചൈനയില്‍ ചെങ്കൊടിയില്‍ മാത്രം അവശേഷിക്കുകയാണത്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ തോട്ടത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ് മാര്‍ക്‌സും ലെനിനും അടക്കമുള്ളവരുടെ പ്രതിമകള്‍. കേരളത്തില്‍ എതിരാളികളെ ഇല്ലാതാക്കി മുന്നോട്ടുപോകാമെന്നാണ് സിപിഎം പ്രതീക്ഷ. എന്നാല്‍ അതിന്റെ അവസാനമായിരിക്കുന്നു എന്ന തെളിവാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ലഭിക്കുന്ന വരവേല്‍പ്.

അസഹിഷ്ണുതയുടെ അന്തരീക്ഷമാണ് സിപിഎം സര്‍ക്കാര്‍ സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. അസഹിഷ്ണുതയില്‍ ജനാധിപത്യം പുലരില്ല. ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് സിപിഎമ്മിന് വിആര്‍എസ് നല്‍കി പറഞ്ഞുവിടണമെന്ന് കേന്ദ്രമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് ഉദാരവും വിശാലവുമായ സമീപനമാണ് ഉള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രി താനുമായി കൂടിക്കാഴ്ചയ്ക്ക് വരുന്നുണ്ട്. വികസനത്തിന് ആവശ്യമുള്ളതെല്ലാം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാണ്. എന്നാല്‍ ഈ വിശാലമായ സമീപനമല്ല സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ളതെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.

ഭാരതം സര്‍വധര്‍മ്മ സമഭാവനയുടെ ആലയമാണ്. എന്റെ മാത്രം ഈശ്വരനാണ് മികച്ചതെന്ന് പറയാനല്ല സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയില്‍ പോയത്. എല്ലാ മതങ്ങളും ഒരുമിച്ച് കഴിയുന്ന നാടാണ് ഭാരതം. തന്റെ ഈശ്വരന്‍ മാത്രമാണ് ശരിയെന്ന തീവ്രവാദ ചിന്താഗതിയാണ് ലോകത്തിന്റെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ജിഹാദിഭീകരര്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റുകളും നക്‌സലുകളുമെല്ലാം തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ കൊല്ലുകയാണ്.

കേരളത്തില്‍ നടമാടുന്നത് കൊലപാതകമാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ത്തന്നെ 80 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഹിംസയുടെ രാഷ്ട്രീയത്തിന് അറുതിവരുത്തണം. സിപിഎമ്മിനെ അവസാനിപ്പിക്കുന്നതുവരെ കേരളം പോരാടുകതന്നെ വേണം. മുഴുവന്‍ ഭാരതവും ആ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍, ദേശീയസെക്രട്ടറി എച്ച്. രാജ, മഹിളാമോര്‍ച്ച ദേശീയ അദ്ധ്യക്ഷ വിജയ രഹാന്‍കര്‍, റിച്ചാര്‍ഡ് ഹേ എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ആന്ധ്രപ്രദേശില്‍ നിന്നുള്ള മന്ത്രി പി.മണിക്യല റാവു, ബിജെപി നേതാക്കളായ സോമുവീരരാജു, പി.കെ. കൃഷ്ണദാസ്, വി.മുരളീധരന്‍, എം.ടി.രമേശ്, പ്രമീളാ നായിക്ക്, എം.എസ്.ശ്യാംകുമാര്‍, വിഷ്ണുവര്‍ധന്‍, രേണുസുരേഷ്, കെ.പി. പ്രകാശ്ബാബു, ജില്ലാ നേതാക്കളായ ജി. ഗോപകുമാര്‍, സുജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick