ഹോം » പ്രാദേശികം » മലപ്പുറം » 

മണല്‍ക്കടത്ത് വ്യാപകം; പോലീസ് പരിശോധന ശക്തമാക്കി

October 17, 2017

തിരൂര്‍: ഭാരതപ്പുഴയില്‍നിന്ന് വ്യാപകമായ തോതില്‍ മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ തൃപ്രങ്ങോട് ഭാഗങ്ങളില്‍ വന്‍തോതില്‍ മണല്‍ ശേഖരം കണ്ടെത്തി. പിടികൂടിയ 60 ലോഡ് മണല്‍ പിന്നീട് പുഴയില്‍ തന്നെ നിക്ഷേപിച്ചു.
മണല്‍ക്കടത്താന്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പരിശോധന സംഘം പിടികൂടി. മുഴുവന്‍ സമയവും പുഴയോരങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഭാരതപ്പുഴയില്‍ ഉപ്പിന്റെ അംശം കുറഞ്ഞതോടെയാണ് അനധികൃത മണലൂറ്റല്‍ വ്യാപകമായത്.
പുഴയോടു ചേര്‍ന്ന് തിരുനാവായ, ചമ്രവട്ടം, പുറത്തൂര്‍ ഭാഗങ്ങളില്‍നിന്ന് ദിവസേന ഒരു നിയന്ത്രണവുമില്ലാതെയാണ് മണല്‍ കടത്തുന്നത്. ഭാരതപ്പുഴയ്ക്ക് മധ്യത്തിലുള്ള മണല്‍തിട്ടകളില്‍നിന്ന് രാപകല്‍ വ്യത്യാസമില്ലാതെ മണല്‍ വെട്ടിയെടുക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. രാത്രിയില്‍ എത്തിക്കുന്ന മണല്‍ ശേഖരിച്ചുവെക്കാന്‍ തിരൂര്‍ പുഴയുടെ ഇരുഭാഗത്തും നിരവധി രഹസ്യ കേന്ദ്രങ്ങളുമുണ്ട്.
ഇവ കണ്ടെത്താന്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യേക പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.

Related News from Archive
Editor's Pick