പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ ബാറ്ററി റൂമില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പ്രശ്നം പൂര്‍ണതോതില്‍ പരിഹരിക്കാനായില്ല. കഴിഞ്ഞദിവസം രാവിലെ 10.30 നാണ് പവര്റൂമില് സ്ഥാപിച്ചിരുന്ന 60 പവര്‍ ബാറ്ററികളില്‍ 21 എണ്ണം പൊട്ടിത്തെറിച്ചത്. ബാറ്ററികളുടെ വെന്റിലേഷന് ക്യാപ്പിലെ പ്രശ്നമാണ് പൊട്ടിത്തെറിക്ക് കാരണമായത്. പ്രശ്നപരിഹാരത്തിന് സ്ഥലത്തെത്തിയ ചെങ്കല്‍ച്ചുള്ള സ്റ്റേഷന് ഓഫീസര്‍ സി. അശോക്കുമാറിന് ഷോക്കേറ്റിരുന്നു. ബാറ്ററികള്‍ നശിച്ചതിനാല്‍ ഇന്നലെ കളക്ടറേറ്റിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. എന്നാല്‍ ഹര്‍ത്താല്‍ ദിനമായതിനാല്‍ പൊതുജനങ്ങള്‍ കാര്യമായി എത്താത്തത് ദുരിതം കുറച്ചു. ബാറ്ററികളിലെ കറണ്ട് ഉപയോഗിക്കാനായില്ലെങ്കിലും ഇന്നലെ നേരിട്ട് സപ്ലൈ കൊടുക്കുകയായിരുന്നു. കത്തിനശിച്ച ബാറ്ററികള്‍ക്കുപകരം പുതിയ ബാറ്ററികള്‍ എത്തിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. ഇനി മൂന്ന് ബാറ്ററികള്കൂടി എത്തിക്കാനുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പവര്റൂമിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു എഡിഎം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: