താജ്മഹലിനു പിന്നില്‍ ഇന്ത്യയിലെതൊഴിലാളികളുടെ രക്തവും വിയര്‍പ്പും: യോഗി

Tuesday 17 October 2017 9:57 pm IST

  ലക്‌നൗ: താജ്മഹലിന്റെ നിര്‍മാണത്തിനു പിന്നില്‍ ഇന്ത്യയിലെ തൊഴിലാളികളുടെ രക്തവും വിയര്‍പ്പുമുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്തയാഴ്ച താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്, എന്ത് ഉദ്ദേശ്യത്തിനായാണ് അത് നിര്‍മിച്ചതെന്നതില്‍ കാര്യമല്ല. അത്തരം വസ്തുതകളിലേക്ക് കടക്കാനും ഉദ്ദേശിക്കുന്നില്ല. എന്നാല്‍, വിനോദസഞ്ചാരം അടിസ്ഥാനമാക്കിയാല്‍ താജ് പ്രധാനമാണ്. വിനോദസഞ്ചാരികള്‍ക്ക് സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്, യോഗി പറഞ്ഞു. അതിനിടെ, ഈ മാസം 26നാകും യോഗി ആഗ്രയിലെത്തുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശിക്കുന്ന അദ്ദേഹം, അവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിലയിരുത്തുമെന്നും അവര്‍ പറഞ്ഞു. താജ് വിനോദസഞ്ചാര കേന്ദ്രമാണെന്നും അവിടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും സംസ്ഥാന ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷിയും വ്യക്തമാക്കി. താജ്മഹലിനെയും ഷാജഹാനെയും പാടിപ്പുകഴ്ത്തുന്ന ചരിത്രം തിരുത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞിരുന്നു.