ഹോം » പ്രാദേശികം » കോഴിക്കോട് » 

കടലുണ്ടി വാവുത്സവം നാളെ ജാതവന്‍ ഊരുചുറ്റാനിറങ്ങി

October 17, 2017

കടലുണ്ടി: ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സത്തിന്റെ ഭാഗമായ ജാതവന്‍ പുറപ്പാട് മണ്ണൂരിലെ ജാതവന്‍ കോട്ടയില്‍ നിന്ന് ആരംഭിച്ചു.
കുന്നത്ത് തറവാട്ട് കാരണവരുടെ അനുവാദത്തോടെ അമ്പാളി കാരണവരുടെ അകമ്പടിയില്‍ മാരത്തയിതറവാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ കടില്‍പ്പുരക്കല്‍ തറവാട്ടുകാരാണ് ജാതവന്‍പുറപ്പാടിന്റെ അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.
തിങ്ങി നിറഞ്ഞ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമേകി ജാതവന്‍ ആദ്യം മണ്ണൂരമ്പലനടയില്‍ മേല്‍ശാന്തി ഒരുക്കിയ നിവേദ്യം സ്വീകരിച്ചു. എട്ടിയാട്ടില്ലത്തെ നിറച്ചെപ്പ് സ്വീകരിച്ച് മടങ്ങിയശേഷം ഭക്തര്‍ക്കൊപ്പം ഇഷ്ടവിനോദമായ കാരകളിച്ച് ഊരുചുറ്റും.
തുലാമാസത്തിലെ കറുത്തവാവ് ദിവസമായ നാളെ കടലുണ്ടിയിലെ കക്കാട്ട് കടപ്പുറത്ത് (വാക്കടവ്)നീരാട്ടിനെത്തുന്ന പേടിയാട്ട് അമ്മയെ ഊരുചുറ്റിയെത്തുന്ന ജാതവന്‍ കണ്ടുമുട്ടും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ സര്‍വ്വാഭരണവിഭൂഷിതയായ ദേവിയോടൊപ്പം ജാതവനും എഴുന്നെള്ളും.
എഴുന്നെള്ളത്ത് കുന്നത്ത്തറവാട്ടില്‍ എത്തുന്നതോടെ വ്രതാനുഷ്ഠരായ കുന്നത്ത് നമ്പ്യാന്‍മാര്‍ വെള്ളരി നിവേദ്യത്തോടെ ദേവിയെ സ്വീകരിക്കും. കുന്നത്ത് മണിത്തറയിലെ പീഠത്തിലിരുന്ന് ദേവി കുന്നത്ത് പാടത്തെ പടകളിക്കണ്ടത്തില്‍ നടക്കുന്ന ഇഷ്ട വിനോദമായ പടകളി തല്ല് ആസ്വദിച്ച ശേഷം കറുത്തങ്ങാട് ഇല്ലത്തേയ്ക്ക് യാത്രയാകും. മണ്ണൂര്‍ ശിവക്ഷേത്രം മേല്‍ശാന്തി ഒരുക്കുന്ന വെള്ളരി നിവേദ്യം സ്വീകരിച്ച ശേഷം പേടിയാട്ട് ക്ഷേത്രത്തിലെത്തി പനയമഠം തറവാട്ടുകാര്‍ ഒരുക്കുന്ന വെള്ളരി നിവേദ്യം സ്വീകരിക്കും.
തുടര്‍ന്ന് സന്ധ്യയോടെ നടക്കുന്ന കുടികൂട്ടല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും. അതോടെ ദു:ഖിതനായ ജാതവന്‍ ജാതവന്‍ കോട്ടയിലേക്ക് മടങ്ങും.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick