ഹരിയാനയില്‍ യുവഗായിക വെടിയേറ്റ് മരിച്ചു

Wednesday 18 October 2017 9:17 am IST

ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തില്‍ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ദല്‍ഹിയില്‍ താമസിക്കുന്ന ഹരിയാനക്കാരിയായ ഹര്‍ഷിത ദഹിയയാണ് വെടിറ്റേ് മരിച്ചത്. പാനിപ്പത്തിലെ ഒരു ഗ്രാമത്തില്‍ പരിപാടിയില്‍ പെങ്കടുത്തശേഷം ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നതിനിടെയാണ് സംഭവം. ദല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ ഹര്‍ഷിതയുടെ കാര്‍ മറ്റൊരു കാറിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം തടയുകയും ഡ്രൈവറോടും ഹര്‍ഷിതയോടും കാറില്‍ നിങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറയുന്നു. ഹര്‍ഷിത കാറില്‍ നിന്നിറങ്ങുന്നതിനു മുമ്ബ് തന്നെ അജ്ഞാതര്‍ ഗായികക്കു നേരെ ഏഴു തവണ വെടിയുതിര്‍ത്തു. ആറ്റെണ്ണം ഗായികയുടെ കഴുത്തിലും നെറ്റിയിലുമായി ഏല്‍ക്കുകയും ഉടന്‍ തന്നെ മരിക്കുകയുമായിരുന്നു. ആക്രമികള്‍ രക്ഷപ്പെട്ടു. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഈയടുത്ത് സാമൂഹികമാധ്യമങ്ങളില്‍ ഹര്‍ഷിത പോസ്റ്റിട്ടിരുന്നു. വധഭീഷണിയെ താന്‍ ഭയക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃതദേഹം പാനിപ്പത്ത് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.