മതപരിവര്‍ത്തനം: നിര്‍ണായക വെളിപ്പെടുത്തലുമായി ആതിര

Wednesday 18 October 2017 4:53 pm IST

കൊച്ചി : സംസ്ഥാനത്തെ ദുരൂഹമതപരിവര്‍ത്തനങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര. മതപരിവര്‍ത്തനം മുതല്‍ പെണ്‍കുട്ടികളെ രാജ്യത്തിന്‌ പുറത്തേക്ക്‌ കടത്തുന്നത്‌ വരെയുള്ള ഘട്ടങ്ങളും ഇടപെടലുകളുമാണ്‌ പുറത്ത്‌ വന്നത്‌. സമാനമായ മൊഴിയാണ്‌ എന്‍ഐഎ സംഘത്തിനും ആതിര നല്‍കിയത്‌. സുഹൃത്തുക്കള്‍ വഴിയോ പ്രണയത്തിലൂടെയോ മതപരിവര്‍ത്തനം നടത്തപ്പെടുന്ന പെണ്‍കുട്ടികളെ ആദ്യം പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകളില്‍ താമസിപ്പിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ആതിര ജനം ടി.വിക്ക് മുമ്പാകെ വെളിപ്പെടുത്തുന്നു. തന്നെ സീന ഫര്‍സാനയെന്ന അത്തരമൊരു വ്യക്തിയുടെ വീട്ടിലാണ്‌ ആദ്യം നിര്‍ത്തിയത്‌. തുടര്‍ന്ന്‌ സത്യസരണിയിലും കൊണ്ട്‌ പോയി. പിന്നീട്‌ കേസ്‌ വന്നതോടെ പോപ്പുലര്‍ ഫ്രണ്ട്‌ വനിതാ വിഭാഗം നേതാവ്‌ സൈനബ നേരിട്ടെത്തി. കോടതിയില്‍ എങ്ങനെ പെരുമാറണമെന്നും ചോദ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പറഞ്ഞ്‌ തന്നത്‌ ഇവരാണ്‌. വീട്ടുകാര്‍ക്കൊപ്പം തന്നെ വിടുമെന്ന ഘട്ടത്തില്‍ വിവാഹം കഴിക്കാന്‍ സൈനബ തന്നെ നിര്‍ബന്ധിച്ചു. ഇതിലൂടെ കോടതി നടപടികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന്‌ ഇവര്‍ ധരിപ്പിച്ചതായും ആതിര പറഞ്ഞു.തന്നെ യെമനില്‍ പോകാന്‍ ഇവരെല്ലാം നിര്‍ബന്ധിച്ചിരുന്നു. യഥാര്‍ത്ഥ പ്രവാചകന്‍ അവിടെയാണ്‌ ജീവിച്ചിരുന്നതെന്നും ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലെങ്കിലും യെമനില്‍ പോകണമെന്നും തന്നെ മതംമാറ്റിയവര്‍ ഉപദേശിച്ചിരുന്നതായും ആതിര വ്യക്തമാക്കി. അതേസമയം നേരത്തെ അഖില കേസ്‌ അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന്‌ മുന്നിലും സമാനമായ മൊഴിയാണ്‌ ആതിര നല്‍കിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌.