ഹോം » ലോകം » 

വിദേശ തൊഴില്‍ തേടല്‍ കുറഞ്ഞു; ഇന്ത്യയില്‍ തൊഴില്‍ തേടുന്നത് കൂടി

പ്രിന്റ്‌ എഡിഷന്‍  ·  October 19, 2017

ന്യൂയോര്‍ക്ക്; കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യാക്കാര്‍ വിദേശത്ത് തൊഴില്‍ തേടുന്നത് കുറഞ്ഞു, അതേ സമയം വിദേശത്തുള്ള ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതും ഇവിടെ തൊഴില്‍ തേടുന്നതും കൂടി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഇതിന് പ്രധാനകാരണമെന്ന ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷം കൊണ്ട് അമേരിക്കയിലും ബ്രിട്ടനിലും തൊഴില്‍ തേടുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വിവിധ വെബ് സൈറ്റുകളിലെ കണക്കുകള്‍ കാണിക്കുന്നു. അമേരിക്കയില്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ 38 ശതമാനവും ബ്രിട്ടനില്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ 42 ശതമാനവും കുറവുവന്നു. മൊത്തത്തില്‍ വിദേശത്ത് തൊഴില്‍ തേടുന്നവരുടെ എണ്ണം അഞ്ചു ശതമാനം കുറഞ്ഞു.

ഇന്ത്യയിലെ തൊഴിലവസരം കൂടിയതാണ് ഒരു കാരണം. ഡൊണാള്‍ഡ് ട്രംപ് വന്ന ശേഷമുള്ള കടുത്ത കുടിയേറ്റ നിയമവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റവുമാണ് മറ്റു കാരണങ്ങള്‍. കൂടുതല്‍ ഇന്ത്യാക്കാര്‍ രാജ്യത്തു തന്നെ തൊഴില്‍ തേടുകയാണെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണിത്. വിദേശരാജ്യങ്ങളില്‍ ജോലി നേടി അവിടങ്ങളില്‍ താമസമുറപ്പിച്ചവരും ഇന്ത്യയിലേക്ക് മടങ്ങി നാട്ടില്‍ തൊഴില്‍ തേടുകയാണെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടനില്‍ സ്ഥിര താമസം ഉറപ്പിച്ചവര്‍ പോലും ഇന്ത്യയില്‍ വിവിധ ജോലികള്‍ക്ക് അപേക്ഷിക്കുന്നതും കൂടുകയാണ്. ഇവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇന്‍ഡീഡ് ഇന്ത്യ എംഡി ശശികുമാര്‍ പറഞ്ഞു.  ഏഷ്യ പസഫിക്ക് മേഖലയില്‍ താമസമുറപ്പിച്ചവരാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ താല്പ്പര്യം പ്രകടിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരുടെ എണ്ണം 170 ശതമാനമായി. ഗള്‍ഫിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 21 ശതമാനം കുറഞ്ഞതായും കണക്ക് വ്യക്തമാക്കുന്നു. എണ്ണവില കുറഞ്ഞതാണ് ഒരു കാരണം. പടിഞ്ഞാറന്‍ ഏഷ്യയിലെ സാമ്പത്തിക പ്രതിസന്ധിയാണ് അടുത്ത കാരണം.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവുമാണ് ഇന്ത്യയിലേക്ക് മടങ്ങാനും ഇവിടെ തൊഴില്‍ തേടാനും ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ശശികുമാര്‍ പറഞ്ഞു.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick