ഹോം » കേരളം » 

ലാന്റ് റവന്യൂ കമ്മീഷണര്‍ തടഞ്ഞിട്ടും മൂന്നാര്‍ ടൗണില്‍ പുറമ്പോക്ക് കയ്യേറി റിസോര്‍ട്ട് പണിതു

പ്രിന്റ്‌ എഡിഷന്‍  ·  October 19, 2017

പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ച ഗുരുഭവന്‍ ഹോട്ടല്‍

ഇടുക്കി: സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ നടപടി സ്വീകരിച്ചിട്ടും മൂന്നാര്‍ ഇക്കാനഗറിന് സമീപം നിയമം ലംഘിച്ച് റിസോര്‍ട്ട് പൂര്‍ത്തീകരിച്ചു. ചീരംവേലില്‍ പത്മാവതിയുടെ പേരിലുള്ള ഗുരുഭവന്‍ റിസോര്‍ട്ടാണ് നിയമ ലംഘനത്തിലൂടെ നിര്‍മ്മിച്ചത്. 2014ലാണ് റോഡ് പുറമ്പോക്ക് കയ്യേറി കെട്ടിടം പണിയാന്‍ തുടങ്ങിയത്. 2014 ജനുവരി നാലിന് ഭൂസംരക്ഷണസേന കയ്യേറ്റവും അനധികൃത നിര്‍മ്മാണവും സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് ഫാക്‌സ് അയച്ചു. ദേവികുളം തഹസീര്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഈ വിവരം ഭൂസംരക്ഷണസേന കൈമാറി.

ലാന്റ് റവന്യൂ കമ്മീഷണര്‍ 2014 ജനുവരി ഏഴിന് പഞ്ചായത്ത് ഡയറക്ടര്‍ക്കും പ്രാദേശിക റവന്യൂ അധികൃതര്‍ക്കും ഗുരുഭവന്‍ റിസോര്‍ട്ടിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് കത്ത് നല്‍കി. 2014 ഫെബ്രുവരി 13ന് ദേവികുളം താലൂക്ക് സര്‍വ്വെയര്‍ വിവാദ ഭൂമി അളന്ന് പുറമ്പോക്ക് കയ്യേറിയെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ദേവികുളം അഡീഷണല്‍ തഹസീര്‍ദാര്‍ക്ക് നല്‍കി. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് 2014 ഏപ്രില്‍ 2ന് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് മെമ്മൊ നല്‍കി.

റവന്യൂ വകുപ്പിന്റെ നടപടികള്‍ക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ നിയമ നടപടി കൈക്കൊണ്ടെങ്കിലും കെട്ടിടം നിര്‍മ്മിക്കാന്‍ കോടതിയുടെ അംഗീകാരം കിട്ടിയില്ല. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ കെട്ടിടം പണിയണമെങ്കില്‍ ജില്ലാകളക്ടറുടെ എന്‍ഒസി വേണമെന്ന വിധി കാറ്റില്‍ പറത്തി കെട്ടിടത്തിന്റെ നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കുകയായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് റിസോര്‍ട്ടില്‍ നിര്‍മ്മാണം നടക്കുന്നതറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു.

കഴിഞ്ഞ ദിവസം ഓഡിറ്റ് വിഭാഗം ദേവികുളം താലൂക്ക് ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചതിനൊപ്പം ഗുരുഭവന്‍ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ സഹായമൊരുക്കിയ ഉദ്യോഗസ്ഥറുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആരുടെയൊക്കെ പേരുണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

Related News from Archive
Editor's Pick