ആലപ്പുഴ: കുടുംബശ്രീ അംഗങ്ങള്‍ക്കായി നടത്തുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടി കുടുംബശ്രീ സ്കൂള്‍ 21ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ജില്ലയില്‍ എക്സൈസുമായി ചേര്‍ന്ന് വിമുക്തി മിഷന്റെ സഹകരണത്തോടെ അന്നേദിവസം വൈകിട്ട് ആറിന് രണ്ടായിരം കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ ജ്വാല തെളിയിക്കുമെന്ന് ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ സുജ ഈപ്പന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓരോ അയല്‍ക്കൂട്ടത്തിനും രണ്ടുമണിക്കൂര്‍ വീതമുള്ള ആറു സെഷനുകളിലായി 12മണിക്കൂര്‍ ക്ലാസാണുള്ളത്. കോഴ്സ് പൂര്‍ത്തീകരിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജില്ലയില്‍ 80 സിഡിഎസുകളിലായി 20,248 അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ആകെ 279800 അംഗങ്ങളുണ്ട്. ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലും എംഎല്‍എമാര്‍ ലഹരിക്കെതിരെ കുടുംബശ്രീ എന്ന വിഷയത്തില്‍ ക്ലാസെടുത്താണ് ഉദ്ഘാടനം ചെയ്യുക. അസിസ്റ്റന്റ് കോ- ഓഡിനേറ്റര്‍ കെ.ബി. അജയകുമാര്‍, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: