ഹോം » പ്രാദേശികം » കോഴിക്കോട് » 

ഭൂസമര വിജയത്തിന്റെ ഓര്‍മ്മകളില്‍ കുറ്റല്ലൂര്‍മല സേവാകേന്ദ്രത്തിന് ഇന്ന് ഉദ്ഘാടനം

October 18, 2017

വിലങ്ങാട്്: അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടി വാണിമേല്‍ വിലങ്ങാട് കുറ്റല്ലൂര്‍ മലയിലെ വനവാസികള്‍ നടത്തിയ പോരാട്ടത്തിന്റെ ഓര്‍മ്മകളില്‍ ഇന്ന് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം. സമരത്തിന്റെ നേതൃ നിരയിലുണ്ടായിരുന്ന പൊരുന്നന്‍ ചന്തുവിന്റെസ്മാരകമായി നിര്‍മ്മിച്ച സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സുരേഷ്‌ഗോപി എം.പി. നിര്‍വഹിക്കും.
ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍മാന്‍ സി.കെ. ജാനു, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ആരോഗ്യം, വിദ്യാഭ്യാസം തൊഴില്‍ മേഖലകളില്‍ വനവാസി സമൂഹത്തിന് സ്വാവലംബം നേടാനുള്ള കേന്ദ്രമായി സേവാകേന്ദ്രം മാറും. ഇന്ന് മലബാര്‍ മെഡിക്കല്‍ കോളജുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും ഇവിടെ നടക്കും.
കുറ്റല്ലൂര്‍ മലയില്‍ സേവാകേന്ദ്രത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ഈ വനവാസി മേഖലക്ക് ഓര്‍ക്കാനുള്ളത് നീണ്ടകാലത്തെ ഭൂസമരമാണ്. വനവാസികളുടെ ഭൂമി വാണിമേലിലെ ഭൂപ്രമാണിമാര്‍ കയ്യേറി സ്വന്തമാക്കുകയായിരുന്നു. കേസും കോടതിയുമായി വനവാസികള്‍ വലഞ്ഞു. എന്നാല്‍ 1989 ഏപ്രിലില്‍ ആര്‍ഡിഒ കോടതിയില്‍ കയ്യേറ്റക്കാര്‍ക്കെതിരായ വിധിയാണുണ്ടായത്. നിയമയുദ്ധത്തില്‍ വനവാസികള്‍ വിജയിച്ചെങ്കിലും അവരുടെ ഭൂമി ഭൂപ്രമാണിമാര്‍ തന്നെ കൈവശമാക്കി. വനവാസികളുടെ കൃഷി നശിപ്പിച്ചു. വനവാസികളുടെ ഭൂമിയില്‍ കുടില്‍ കെട്ടി സ്ഥിര താമസമാക്കാന്‍ ഭൂപ്രമാണിമാര്‍ ഗുണ്ടകളെ ഇറക്കി. ഇവര്‍ കോളനികളിലെ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി. നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും ഒന്നിനും പരിഹാരമുണ്ടായില്ല. പോലീസും ഭരണകൂടവും ഭൂപ്രമാണിമാരുടെ പക്ഷത്തായി. തങ്ങള്‍ വിശ്വസിച്ചിരുന്ന സിപിഎമ്മും ഭൂപ്രമാണിമാരുടെ പിന്നിലാണെന്നറിഞ്ഞതോടെ വനവാസികള്‍ക്ക് കാട് വിടേണ്ട ഗതിയായി.
എന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുറ്റല്ലൂര്‍ വനവാസി ഭൂസംരക്ഷണ സമരസമിതി രൂപീകരിച്ചതോടെ വനവാസികള്‍ക്ക് കരുത്തായി. നീണ്ട സമരങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്, കലക്ടറേറ്റ് മാര്‍ച്ചുകള്‍, സമര പ്രചാരണങ്ങള്‍ എന്നിവ നടന്നു. വിലങ്ങാട്ട് നിന്ന് കലക്ടറേറ്റിലേക്കും വനവാസികള്‍ ബിജെപി നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സമരചരിത്രത്തിലെ വഴിത്തിരിവായി. നീണ്ട സമരത്തിലൂടെ അന്യാധീനപ്പെട്ട ഭൂമിയില്‍ നിന്ന് കയ്യേറ്റക്കാരെ തുരത്താന്‍ വനവാസികളുടെ സമരത്തിന് കഴിഞ്ഞു. എന്നാല്‍ സമരത്തിന് നേതൃത്വം കൊടുത്ത ബിജെപി നേതാവ് വാണിമേലിലെ പി.എം. ഭാസ്‌കരന്‍ മാസ്റ്ററെ സിപിഎമ്മുകാര്‍ കൊലചെയ്തു. തങ്ങള്‍ക്കേറ്റ പരാജയത്തിന് പകരം വീട്ടുകയായിരുന്നു സിപിഎം.
എടാന്‍ കുഞ്ഞന്‍ സേവാഭാരതിക്ക് സംഭാവന ചെയ്ത 21 സെന്റ് സ്ഥലത്താണ് 1650 ചതുരശ്ര അടിയിലാണ് സേവാകേന്ദ്രത്തിന്റെ പണി പൂര്‍ത്തിയായിരിക്കുന്നത്. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് സേവാമന്ദിരത്തിന് തറക്കല്ലിട്ടത്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick