ഹോം » കേരളം » 

പൂജാരി ഹിമാലയം താണ്ടി മധുവനത്തില്‍

പ്രിന്റ്‌ എഡിഷന്‍  ·  October 19, 2017

മധുവനം പ്രശാന്തി ഗണേശ ക്ഷേത്രത്തില്‍ പൂജയ്ക്കായി നട തുറക്കുന്ന സന്ദീപ് ബദാനി

വിളപ്പില്‍: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ദൈവജ്ഞന്‍ പ്രവചിച്ചു, ഹിമാലയ സാനുക്കളില്‍ നിന്ന് ഒരു യുവ സന്യാസി മധുവനത്തിലെ പ്രശാന്തി ഗണേശ വിഗ്രഹത്തില്‍ പൂജ ചെയ്യാനെത്തുമെന്ന്. അതു ഫലിച്ചു. ഉത്തരകാശിയിലെ ഗംഗോത്രിയില്‍ ജനിച്ച സന്ദീപ് ബദാനി (25) മധുവനത്തില്‍ കഴിഞ്ഞ ദിവസം പൂജാരിയായി എത്തി; മഹാഗുരുക്കന്‍മാര്‍ പകര്‍ന്ന വേദോപദേശങ്ങള്‍ കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത മനസുമായി.

വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവചനം ഫലിച്ച നിര്‍വൃതിയിലാണ് പുളിയറക്കോണം മധുവനം സത്യസായി ആശ്രമം ഭാരവാഹികളും ഭക്തരും. പുട്ടപര്‍ത്തി പ്രശാന്തി നിലയത്തില്‍ സത്യസായി ബാബ വലംചുറ്റി പ്രാര്‍ത്ഥിച്ചിരുന്ന ഗണേശ വിഗ്രഹമാണ് മധുവനം ക്ഷേത്രത്തിലെ പ്രതിഷ്ഠ. വെണ്ണക്കല്ലില്‍ കൊത്തിയ 4.5 അടി ഉയരമുള്ള, നൂറ്റാണ്ട് പഴക്കമുള്ളതാണ് വിഗ്രഹം. 1994 ല്‍ പുളിയറക്കോണത്ത് ആശ്രമം സ്ഥാപിച്ചപ്പോള്‍ ഇവിടെ പ്രതിഷ്ഠിക്കാന്‍ ബാബ നല്‍കിയതായിരുന്നു ഗണേശ സ്വരൂപം. അന്ന് അലങ്കരിച്ച രഥത്തില്‍ പുട്ടപര്‍ത്തിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം വന്‍ വരവേല്‍പ്പൊരുക്കിയാണ് വിശ്വാസികള്‍ വിഗ്രഹം മധുവനത്തിലെത്തിച്ചത്.

പ്രശസ്ത തന്ത്രിയും ബ്രഹ്മചാരിയുമായ ദേവനാരായണന്റെ ആദ്യ ഗണേശ വിഗ്രഹപ്രതിഷ്ഠയും ഇതായിരുന്നു. പ്രതിഷ്ഠാ വേളയില്‍ തന്നെ തന്ത്രി ദേവഹിതമായി പറഞ്ഞിരുന്ന ഹിമാലയത്തില്‍ നിന്നെത്തുന്ന കാര്‍മ്മികന്റെ കാര്യം ഇപ്പോഴും മറക്കാതെ മനസില്‍ സൂക്ഷിക്കുകയാണ് ട്രസ്റ്റ് പ്രസിഡന്റ് ജയകുമാറും സെക്രട്ടറി കൃഷ്ണന്‍ കര്‍ത്തയും. കേരളത്തില്‍ ഒരു ക്ഷേത്രത്തില്‍ ഹിമാലയത്തില്‍ നിന്നുള്ള പൂജാരി വിഗ്രഹാരാധന നടത്തുന്നുവെന്ന അപൂര്‍വതയും മധുവനത്തിനുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. സ്തൂപാകൃതിയിലാണ് പ്രശാന്തി ഗണേശ ക്ഷേത്രം. ദ്വാരപാലകര്‍ക്കു പകരം വ്യത്യസ്ഥ ഭാവങ്ങളിലുള്ള ഗണേശ രൂപങ്ങളാണ് ഗോപുരത്തിന് ചുറ്റിലും.

Related News from Archive
Editor's Pick