ദിലീപ് ശബരിമല ദര്‍ശനം നടത്തി

Thursday 19 October 2017 8:17 am IST

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറിന് ശബരിമലയിലെത്തിയ ദിലീപ് സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടു. മേല്‍ശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തില്‍ നിന്നും മടങ്ങുകയും ചെയ്തു. പത്തനാപുരം എംഎല്‍എ കെബി ഗണേശ് കുമാറിന്റെ പിഎയും ദിലീപിനൊപ്പമുണ്ടായിരുന്നു. നാല് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ദിലീപ് എത്തിയത്. നാളെ കമ്മാര സംഭവം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ദിലീപ് എത്തും. നടിയെ ആക്രമിച്ച കേസില്‍ ജ്യാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപ് അദ്യം അഭിനയിക്കുന്നത് കമ്മാര സംഭവത്തിലാണ്. പരസ്യ സംവിധായകനായ രതീഷ് അമ്ബാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് പുനരാരംഭിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. ഇന്ന് ചേരുന്ന യോഗത്തില്‍ അന്വേഷണസംഘം അന്തിമ തീരുമാനമെടുക്കും. കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. അനുബന്ധ കുറ്റപത്രം ഈയാഴ്ച തന്നെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നില്ലെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതിയാകും.