ഹോം » പ്രാദേശികം » കൊല്ലം » 

ലോക്കല്‍ സമ്മേളനങ്ങളില്‍ ഗണേശന് തല്ലും തലോടലും

October 19, 2017

പത്തനാപുരം: കിഴക്കന്‍ മേഖലയിലെ സിപിഎം, സിപിഐ ലോക്കല്‍ സമ്മേളനങ്ങളിലും സജീവ ചര്‍ച്ചാവിഷയം കെ.ബി ഗണേഷ്‌കുമാര്‍ തന്നെ. ദിലീപും രാമലീലയും പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട സംഭവവും കൊണ്ട് സിനിമാക്കഥയായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങളിലെ ചൂടുപിടിച്ച ചര്‍ച്ച. എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ബ്രാഞ്ച് കമ്മറ്റികള്‍ ലോക്കല്‍ സമ്മേളനങ്ങളിലും അത് ആവര്‍ത്തിക്കാനാണ് സാധ്യത.
സര്‍ക്കാരിന് വിരുദ്ധമായ നിലപാടാണ് എല്‍ഡിഎഫ് എംഎല്‍എ കൂടിയായ ഗണേഷ് സ്വീകരിച്ചതെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയര്‍ന്ന അഭിപ്രായം. സ്വതന്ത്ര നിലപാടുകള്‍ എടുക്കുന്ന എംഎല്‍എ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായും ആരോപണം ഉയര്‍ന്നു. ഗണേശന്‍ ദിലീപിന്റെ രാമലീല തീയറ്ററിലെത്തി കണ്ടതുവരെ സമ്മേളനങ്ങളില്‍ ചര്‍ച്ചയായി.
സിപിഎമ്മിനേക്കാള്‍ ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നത് സിപിഐ നേതൃത്വമാണ്. ഗണേശനെ സോഷ്യല്‍ മീഡിയകളിലൂടെ കടന്നാക്രമിക്കാനും പ്രവര്‍ത്തകര്‍ക്ക് ബ്രാഞ്ച് സമ്മേളനങ്ങളില്‍ തന്നെ സിപിഐ നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഗണേശനെതിരെ ആരോപണമുയര്‍ത്തുക വഴി നഷ്ടപ്പെട്ടുപോയ തങ്ങളുടെ നിയമസഭാ സീറ്റ് തിരിച്ചുപിടിക്കുകയാണ് തന്ത്രം. വരുംനാളുകളില്‍ പാര്‍ട്ടിയിലെ സൈബര്‍ ആക്രമണങ്ങള്‍ക്കാകും മലയോര മേഖല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എന്നാല്‍ കടുത്ത ശത്രുതയിലുളള സിപിഎമ്മും സിപിഐയും ഇനിയും മാനസികമായി അടുത്തിട്ടില്ല .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുമുന്നണിയിലേക്ക് ചേക്കേറിയ കേരളകോണ്‍ഗ്രസ്(ബി)യെ ഇതുവരെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിലേയും സിപിഐലേയും പ്രാദേശികനേതൃത്വത്തിനും അണികള്‍ക്കും കഴിഞ്ഞിട്ടില്ല. സിപിഐ തന്നെയാണ് കേരള കോണ്‍ഗ്രസ്(ബി)യെ ആദ്യമായി ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. എന്നാല്‍ അന്നുമുതലെ പ്രാദേശികതലത്തില്‍ എതിര്‍പ്പ് പ്രകടമായിരുന്നു. കെ.ബി.ഗണേഷ്‌കുമാര്‍ എത്തിയ ശേഷം നടന്ന ആദ്യ എരിയ-മണ്ഡലം സമ്മേളനങ്ങള്‍ കൂടിയാണ് ഇപ്പോഴത്തേത്.
കൃത്യമായി മണ്ഡലത്തില്‍ എംഎല്‍എ ഇല്ലെന്നും എല്‍ഡിഎഫിന്റെ പരിപാടികളില്‍ പോലും സജീവമായി ഇടപെടുന്നില്ലെന്നുമാണ് പ്രധാന ആരോപണം. പത്തനാപുരം മണ്ഡലം പൊതുവേ വികസന രംഗത്ത് പിന്നാക്കമാണെന്നും ചര്‍ച്ചയുണ്ട്. നവംബര്‍ പകുതിയോടെ ലോക്കല്‍ സമ്മേളനങ്ങള്‍ അവസാനിക്കും. ഡിസംബറിലാണ് സിപിഐയുടെ മണ്ഡലസമ്മേളനവും സിപിഎമ്മിന്റെ എരിയ സമ്മേളനവും നടക്കുക. ബ്രാഞ്ച് സമ്മേളനങ്ങളില്‍ സജീവമായ ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കുന്ന ലോക്കല്‍ സമ്മേളനങ്ങളോടെ ചൂട് പിടിക്കുമെന്ന് പ്രതിനിധികള്‍ തന്നെ പറയുന്നു.

Related News from Archive
Editor's Pick