ഹോം » പ്രാദേശികം » കൊല്ലം » 

കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടല്‍ തുടങ്ങി

October 19, 2017

കരുനാഗപ്പള്ളി: മാര്‍ക്കറ്റ് റോഡില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടുന്ന നടപടിക്ക് തുടക്കമായി. പൊതുമരാമത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയവരില്‍ ഭൂരിഭാഗം പേരും സ്വയം ഒഴിഞ്ഞുപോയിരുന്നു. ശേഷിക്കുന്ന ഭാഗത്തെ ഇറക്കുകളും മറ്റും ഒഴിവാക്കി റോഡിന്റെ വീതികൂട്ടുന്ന നടപടികള്‍ക്കാണ് തുടക്കമായത്. ജെസിബിയുടെയും നിരവധി തൊഴിലാളികളുടെയും സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്.
നഗരത്തിലെയും പ്രത്യേകിച്ച് മാര്‍ക്കറ്റ് റോഡിലെയും ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ ആരംഭിച്ചത്. താലൂക്ക് വികസന സമിതി, ട്രാഫിക് അഡൈ്വസറി കമ്മിറ്റി, വില്ലേജ് തല ജനകീയ സമിതി എന്നീ യോഗങ്ങളുടെ തീരുമാനത്തിന്റെ കൂടി ഭാഗമായാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ തുടങ്ങിയത്. പൊതുമരാമത്ത്, റവന്യു, സര്‍വേ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നത്.
പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ദീപ, ഓവര്‍സിയര്‍ അഞ്ജലി, വില്ലേജ് ഓഫീസര്‍ എ. അനീഷ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗിക്കുന്നത്. മാര്‍ക്കറ്റില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് ഭാഗത്തേക്ക് തിരിയുന്ന ഭാഗം മുതലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. ശേഷിക്കുന്ന ഭാഗത്തെ വീതി കൂട്ടല്‍ നടപടിയും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News from Archive
Editor's Pick