തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്രയ്ക്ക് സമാപനം കുറിച്ചു നടന്ന പദയാത്രയ്ക്കിടെ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസ്സെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആവശ്യപ്പെട്ടു. അരലക്ഷത്തില്‍പ്പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത യാത്രയുടെ സമാപനദിവസത്തില്‍ ബിജെപി അങ്ങേയറ്റം സംയമനം പാലിച്ചതുകൊണ്ടാണ് യാതൊരു അക്രമവും അരങ്ങേറാതെ സമാധാനപരമായി യാത്ര കടന്നുപോയത്. ബിജെപി സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രകോപനപരമായ ബോര്‍ഡുകള്‍ സ്ഥാപിച്ചും എങ്ങനെയെങ്കിലും അക്രമം സൃഷ്ടിക്കാന്‍ സിപിഎമ്മുകാര്‍ ശ്രമിച്ചിരുന്നു. പോലീസ് ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: