ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെക്കുന്നത് വൈകിപ്പിച്ചതില്‍ നടപടിയില്ല

Thursday 19 October 2017 6:42 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ഓഡിറ്റ് റിപ്പോ ര്‍ട്ട് കൗണ്‍സിലില്‍ യോഗത്തില്‍ വെക്കുന്നത് വൈകിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭാ കൗണ്‍സിലില്‍ വെക്കാതിരുന്നതിനെതുടര്‍ന്ന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം വാക്കേറ്റത്തിലും കയ്യാങ്കളിയിലും തെറിവിളിയിലും അലങ്കോലമായി. കൗണ്‍സില്‍ യോഗത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വെക്കാന്‍ വൈകിപ്പിച്ച നഗരസഭാ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് ചെയര്‍മാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നടപടിയുടെ ഭാഗമായി ഇതേവരെ ഒരു ജീവനക്കാരനും ഒരു മെമ്മോപോലും കൊടുത്തില്ല. നടപടിക്ക് ശുപാര്‍ശ ചെയ്യാത്തത് മനപൂര്‍വ്വമാണെന്ന് പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിപ്പിച്ചതിന് പിന്നില്‍ നഗരസഭ ചെയര്‍മാന്‍ തന്നെയാണെന്ന് കൗണ്‍സിലര്‍മാര്‍ തന്നെ സമ്മതിക്കുന്നു. പുതുക്കൈയിലെ ഒരു സ്‌കൂളിന് ഓട്‌മേയാതെ ഓട് മേഞ്ഞതായി രേഖ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് പിറ്റേന്ന് തന്നെ കളക്‌ട്രേറ്റില്‍ നിന്നും എത്തിയ ധനകാര്യ വിഭാഗത്തിന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി കരാറുകാരനെക്കൊണ്ട് പണം തിരിച്ചടപ്പിച്ചിരുന്നു. മാര്‍ച്ച് 31 ന് പദ്ധതി വിഹിതത്തിന്റെ ചിലവ് പെരുപ്പിച്ച് കാണിക്കാനാണ് ചെയ്യാത്ത ജോലി ചെയ്തതായി കൃത്രിമരേഖയുണ്ടാക്കി കരാറുകാരന് പണം കൈമാറിയത്. മത്സ്യ മാര്‍ക്കറ്റില്‍ തന്നെ ടെണ്ടര്‍ പോലും വിളിക്കാതെ പ്രവര്‍ത്തികള്‍ നടത്തിയാതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി തിരിമറികളും ക്രമക്കേടുകളാണ് ഓഡിറ്റിലൂടെ പുറത്തുവന്നത്. ഇതാണ് ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെക്കാന്‍ വൈകിപ്പിച്ചത് എന്ന് വ്യക്തം. 2016 ഡിസംബറില്‍ ഓഡിറ്റ് ക്ലാര്‍ക്ക് അജണ്ടയെഴുതി അന്ന് നഗരസഭാ സെക്രട്ടറിയുടെ ചാര്‍ജ് വഹിച്ചിരുന്ന ഇപ്പോഴത്തെ നഗരസഭാ സൂപ്രണ്ട് ഒപ്പിട്ട് അജണ്ടാ രജിസ്റ്ററില്‍ രേഖപ്പെടുത്തി കൗണ്‍സില്‍ ക്ലാര്‍ക്കിന് കൈമാറിയതായി നഗരസഭയിലെ രേഖകളില്‍ കാണിക്കുന്നു. കൗണ്‍സില്‍ ക്ലാര്‍ക്കാണ് ചെയര്‍മാന് അജണ്ട നല്‍കി ഒപ്പ് വെപ്പിക്കേണ്ടത്. ഇത് കൃത്യമായി നടന്നിട്ടില്ലെന്നാണ് ആക്ഷേപം.