ഹോം » പ്രാദേശികം » കാസര്‍കോട് » 

പരിശോധന കഴിഞ്ഞില്ല: ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇനിയും തുറന്നില്ല

October 19, 2017

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിലുളള ബ്ലഡ് ബാങ്കിന്റെ വിപുലീകരണത്തിന്റെ ഭാഗമായി രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ച് നാലു വര്‍ഷമായിട്ടും ബാങ്ക് പ്രവര്‍ത്തനം തുടങ്ങാനായില്ല. കെസാറ്റ്‌സ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷം മുന്‍പാണു ബ്ലഡ്ബാങ്ക് വിപുലീകരണത്തിന് തുക അനുവദിച്ചത്. ഇതിന്റെ ഭാഗമായി അന്‍പത് ലക്ഷത്തോളം തുക ചിലവഴിച്ച് വിപുലീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.എം.എസ്.സി.എല്‍ ഉപകരണങ്ങളും സ്ഥാപിച്ചു. ഒരു വര്‍ഷം മുന്‍പു അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ആവശ്യമായ ജനറേറ്ററും സ്ഥാപിച്ചെങ്കിലും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്.
മൂന്നു വര്‍ഷം മുന്‍പ് തന്നെ ജീവനക്കാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിപുലീകരിച്ച ബ്ലഡ് ബാങ്കിന് ലൈസന്‍സിനും അപേക്ഷിച്ചിരുന്നു. താത്കാലികമായ ലൈസന്‍സെങ്കിലും ലഭ്യമായാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഇവിടെ സ്ഥാപിച്ച ഉപകരണങ്ങളുടെ ഗ്യാരണ്ടിയും കഴിയാറായി. ഇതു പ്രവര്‍ത്തനമാരംഭിച്ചാല്‍ ഹിമോഫീലിയ രോഗികള്‍ക്ക് ഫാക്ടറുകള്‍ക്ക് പകരമായി ഉപയോഗിക്കുന്ന ക്രയോ പി.പി.ടി,ക്രയോ പ്ലാസ്മ തുടങ്ങിയവ ഇവിടുന്നു തന്നെ വേര്‍തിരിച്ച് സൗജന്യമായി നല്‍കാന്‍ കഴിയും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും ഇതു ഏറെ ഉപകരിക്കും.

Related News from Archive
Editor's Pick