ഹോം » പ്രാദേശികം » കാസര്‍കോട് » 

വാഹനാപകടത്തില്‍ പരിക്കേറ്റ ഉദുമ സ്വദേശിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

October 19, 2017

കാഞ്ഞങ്ങാട്: വാഹന അപകടത്തില്‍ പരിക്കേറ്റ ഉദുമ സ്വദേശിക്ക് ഒരു കോടി രൂപ ( 575,000 യുഎഇ ദിര്‍ഹം) കോടതി ചെലവ് ഉള്‍പ്പെടെ നഷ്ടപരിഹാരം നല്കുവാന്‍ ദുബായ് കോടതി വിധിച്ചു. ഉദുമ മീത്തല്‍ മങ്ങാട് കുമാരന്റെ മകന്‍ ദുബായ് ആര്‍ടിഎ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ശിവ ഗംഗയില്‍ ഉമേഷ് കുമാറിനാണ് നഷ്ടപരിഹാരം ലഭിക്കുക. 2016 സെപ്തംബര്‍ 25ന് രാവിലെ ഷാര്‍ജ ഇത്തിഹാദ് റോഡിന്റെ ഫുഡ് പാത്തിലൂടെ കാല്‍ നടയായി പോകുകയായിരുന്ന ഉമേഷ് ഉള്‍പ്പെടെയുള്ളവരെ മലയാളി ഓടിച്ചു വന്ന വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യന്‍ ബാബു അപകടത്തില്‍ മരിച്ചിരുന്നു.
സാരമായ പരിക്കേറ്റ ഉമേഷിനെ ആദ്യം ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വാഹനം ഓടിച്ച മലയാളിയെ കോടതി രണ്ട് മാസം തടവും, മരണമടഞ്ഞ ആളുടെ അനന്തരാവകാശികള്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം ദിയ ധനം നല്‍കാനും വിധിച്ചിരുന്നു. ഈ സമയത്താണ് മലബാര്‍ ഗോള്‍ഡ് ജീവനക്കാരനായ വിനീത് കുമാറും നാട്ടുകാരും കൂടി നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാന്‍ സാമൂഹിക പ്രവര്‍ത്തകനും, അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതിനിധിയുമായ സലാം പാപ്പിനിശ്ശേരിയെ ഏല്പിച്ചത്.
വാഹനം ഓടിച്ച മലയാളിയെയും ഇന്‍ഷൂറന്‍സ് കമ്പനിയേയും പ്രതി ചേര്‍ത്ത് നഷ്ടപരിഹാരം ആവശ്യപെട്ട് ദുബായ് കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. കോടതി ഇന്‍ഷുറന്‍സ് കമ്പനി കോടതി ചിലവടക്കം ഒരു കോടി രൂപ ഉമേഷ് കുമാറിന് നഷ്ട പരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. നഷ്ട പരിഹാര സംഖ്യ വര്‍ധിപ്പിച്ചു കിട്ടാന്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നു സലാം പാപ്പിനിശ്ശേരി പറഞ്ഞു.

Related News from Archive
Editor's Pick