കണ്ണൂര്‍: ജനങ്ങളില്‍ ശാസ്ത്ര അവബോധം ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാര്‍ഥികളിലെ ശാസ്ത്ര താല്പര്യം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും സയന്‍സ് പാര്‍ക്കും സംയുക്തമായി നാഷനല്‍ സയന്‍സ് ഫെസ്റ്റ് നടത്തും. ഫെബ്രുവരി രണ്ട് മുതല്‍ 12 വരെ കണ്ണൂര്‍ പോലിസ് മൈതാനിയിലാണ് ഫെസ്റ്റ് ഒരുക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു.
ഐ.എസ്.ആര്.ഒ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ശാസ്ത്രസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകള്‍, ശാസ്ത്ര സംഘടനകള്‍, അദ്ധ്യാപകര്‍, ശാസ്ത്രകാരന്മാര് തുടങ്ങിയവര്‍ ഫെസ്റ്റില്‍ പങ്കെടുക്കും.
ശാസ്ത്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം ആധുനിക ശാസ്ത്ര വിഷയങ്ങളെ കുറിച്ച് സെമിനാറുകള്‍, ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ശാസ്ത്ര സിനിമാപ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ഒരുക്കും. സ്കൂള്‍ ശാസ്ത്ര മേളയില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവച്ച മികച്ച ശാസ്ത്രകണ്ടുപിടുത്തങ്ങളും ഫെസ്റ്റില്‍ അവതരിപ്പിക്കും. നിശ്ചലദൃശ്യങ്ങള്‍, സ്കൂളുകളിലെ ശാസ്ത്രപാഠ മാതൃകകള്‍, വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും മെഡിക്കല്‍ – എഞ്ചിനീയറിംഗ് കോളേജുകളുടെയും സ്റ്റാളുകള്‍, അക്വേറിയം, 3ഡി-4ഡി തീയേറ്റര്‍, മിനി പ്ലാനറ്റേറിയം, ശാസ്ത്ര ഗെയിമുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന മാതൃകകള്‍ എന്നിവയും സജ്ജീകരിക്കും. 50 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് ഫെസ്റ്റിനായി നീക്കിവച്ചിരിക്കുന്നതെന്നും ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ശാസ്ത്രപരിപാടിയായി ഇതിനെ മാറ്റിയെടുക്കാനാണ് ശ്രമമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: