ഹോം » പ്രാദേശികം » എറണാകുളം » 

ഗജവീരന്‍ കണ്ണന്‍കുളങ്ങര ശശി ഇനി ഓര്‍മ്മ

October 20, 2017

പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജവീരന്‍ കണ്ണന്‍കുളങ്ങര ശശി ഇനി ഓര്‍മ്മ. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് 86വയസ്സുള്ള ഗജവീരന്‍ ചരിഞ്ഞത്. കാലില്‍ വാതത്തിന്റെ അസുഖംമൂലം ഏറെ നാളായി കഷ്ടതയിലായിരുന്നു.
തിരുവിതാംകൂര്‍ രാജവംശം ദേവസ്വം ബോര്‍ഡിന് നല്‍കിയ പത്ത് ആനകളില്‍ ഒന്നാണ് ശശി. അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേവസ്വം ബോര്‍ഡ് കണ്ണന്‍കുളങ്ങര ക്ഷേത്രത്തിലേക്ക് കൊടുക്കുകയായിരുന്നു ഈ ആനയെ. പറവൂര്‍ സബ്ബ് ഗ്രൂപ്പില്‍പ്പെട്ട അങ്കമാലി, ആലുവ, പറവൂര്‍ മേഖലകളിലെ ക്ഷേത്രങ്ങളിലെ പൂരങ്ങളിലെല്ലാം നിറ സാന്നിദ്ധ്യമായിരുന്നു കണ്ണന്‍കുളങ്ങര ശശി. പറവൂര്‍ പാലം വരുന്നതിന് മുന്‍പ് നീലീശ്വരം, രാമന്‍കുളങ്ങര, പുതിയകാവ് ക്ഷേത്രങ്ങളില്‍ പൂരത്തിന് പോകുന്നത് തട്ടുകടവ്പുഴ, നീണ്ടൂര്‍പുഴ എന്നിവ നീന്തി കടന്നായിരുന്നു.
അങ്കമാലി കോതകുളങ്ങര ഭഗവതി ക്ഷേത്രസമിതി കളഭോത്തമപട്ടം നല്‍കി ആദരിച്ചിട്ടുണ്ട്. അവസാനമായി എഴുന്നള്ളിച്ചത് കഴിഞ്ഞ വര്‍ഷം കണ്ണന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനാണ.് അതിനുശേഷം പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. ഒരു പ്രാവശ്യം മാത്രമേ ആന ഇടഞ്ഞിട്ടുള്ളൂ. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു ശശി. പ്രിയപ്പെട്ട ആന ചരിഞ്ഞ വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് ഒരു നോക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമെത്തിയത്.
ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, നഗരസഭ ചെയര്‍മാന്‍ രമേഷ് കുറുപ്പ്, കൗണ്‍സിലര്‍ സ്വപ്‌ന സുരേഷ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഹിന്ദു ഐക്യവേദി, ബിജെപി തുടങ്ങി വിവിധ സംഘടനകളുടെ നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. എറണാകുളം സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ റേഞ്ച് ഓഫീസര്‍ കെ.ടി. ഉദയന്‍, സബ്ബ് ഓഫീസര്‍ പി.കെ. മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പെരുന്തോടത്തേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച വൈകിട്ട് സംസ്‌കരിച്ചു.

Related News from Archive
Editor's Pick