ഹോം » കേരളം » 

സ്വര്‍ണ്ണക്കവര്‍ച്ച അമ്മയും മകളും പിടിയില്‍

പ്രിന്റ്‌ എഡിഷന്‍  ·  October 20, 2017

ആലുവ: വെറ്ററിനറി ഡോക്ടറുടെ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിയും മകളും അറസ്റ്റിലായി. കോട്ടയം പള്ളിക്കത്തോട് സ്വദേശിനി ശാന്ത (46), മകള്‍ ദിവ്യ (25) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പാനായിക്കുളം ചിറയം വാടയ്ക്കകത്ത് അജിത്തിന്റെ വീട്ടില്‍ നിന്ന് 18 പവന്‍ ആഭരണങ്ങളും 13,000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്.

മോഷ്ടിച്ച സ്വര്‍ണത്തില്‍ രണ്ട് കമ്മലുമായി ശാന്തയുടെ മകന്‍ ഷാജി തമിഴ്‌നാട്ടിലേക്ക് മുങ്ങി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോക്ടറും കുടുംബവും ബന്ധുക്കളുടെ വീട്ടില്‍ പോയപ്പോഴാണ് മോഷണം നടത്തിയത്. അലമാരയും വീടിന്റെ വാതിലുമൊന്നും കുത്തിത്തുറന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് പോലീസ് വീടുമായി ബന്ധമുള്ളവരെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചത്.

ഡോക്ടറുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലാണ് അമ്മയും മകളും താമസിച്ചിരുന്നത്. മോഷ്ടിച്ചെടുത്ത സ്വര്‍ണത്തില്‍ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന വജ്രാഭരണം ഉള്‍പ്പെടെ പണയപ്പെടുത്തിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ആലുവ കോടതി ശാന്തയെ റിമാന്‍ഡ് ചെയ്തു. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മകള്‍ ദിവ്യയെ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുപ്പിക്കുന്നതിനായി കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് സ്വര്‍ണം കണ്ടെടുത്ത ശേഷം കോടതിയില്‍ വീണ്ടും ഹാജരാക്കുമെന്ന് എസ്‌ഐ സ്റ്റെപ്റ്റോ ജോണ്‍ പറഞ്ഞു.

Related News from Archive
Editor's Pick