ഹോം » കേരളം » 

പോലീസ് സ്റ്റേഷനുകളില്‍ ഇനി സിഐ ഭരണം

പ്രിന്റ്‌ എഡിഷന്‍  ·  October 20, 2017

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകള്‍ ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഭരിക്കും. ക്രമസമധാന ചുമതലയുള്ള 196 സിഐമാര്‍ക്ക് പോലീസ് സ്റ്റേഷനുകളുടെ ചുമതല നല്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ എട്ടു സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ചുമതല വഹിക്കുന്നുണ്ട്. സംസ്ഥാനത്തെ 471 പോലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി ചുമതലക്കാരായി സിഐമാരെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ എസ്‌ഐ മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

ഓരോ സിഐക്കു കീഴിലും കുറഞ്ഞത് മൂന്ന് എസ്‌ഐ മാരുണ്ടാകും. ക്രമസമാധാനം, കുറ്റാന്വേഷണം, ട്രാഫിക് എന്നിങ്ങനെ എസ്‌ഐമാര്‍ക്ക് ചുമതല വീതിച്ച് നല്കും. കേസുകളുടെ ബാഹുല്യവും ക്രമസമാധന നിയന്ത്രണവും കൂടിയാകുമ്പോള്‍ പലപ്പോഴും എസ്‌ഐമാര്‍ക്ക് വേണ്ടത്ര ജാഗ്രത കാണിക്കാന്‍ കഴിയാറില്ല. ഈ നിഗമനത്തിലാണ് ജസ്റ്റിസ് രാമചന്ദ്രനായര്‍ ശമ്പള കമ്മീഷന്‍, സ്റ്റേഷന്റെ ചുമതല സിഐമാര്‍ക്ക് നല്കണമെന്ന ശുപാര്‍ശ ചെയ്തത്.

ആകെയുളള 471 സ്റ്റേഷനുകളില്‍ 357 എണ്ണത്തില്‍ എസ്‌ഐ തസ്തികയിലുളള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരില്‍ തന്നെ 302 പേര്‍ സിഐമാര്‍ക്ക് തുല്യമോ അതിന് മുകളിലോ ശമ്പളമുളളവരാണ്. അതിനാല്‍ അധിക സാമ്പത്തികബാധ്യതയില്ലാതെ അവര്‍ക്ക് ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്കാന്‍ കഴിയും. ഒരു എസ്‌ഐ മാത്രമുളള 13 പോലീസ് സ്റ്റേഷനുകളിലേക്ക് രണ്ടോ അതിലധികമോ എസ്‌ഐമാരുളള സ്റ്റേഷനുകളില്‍നിന്ന് 13 പേരെ പുനര്‍വിന്യസിച്ച് നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Related News from Archive
Editor's Pick