സെന്‍കുമാറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനം കേന്ദ്രം തടഞ്ഞു

Friday 20 October 2017 11:25 am IST

ന്യൂദല്‍ഹി: പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള(കഐടി) നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. 2016 ഓഗസ്റ്റിലാണു കഐടിയിലെ രണ്ടംഗ ഒഴിവില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറില്‍ തെരഞ്ഞെടുപ്പുസമിതി വി.സോമസുന്ദരത്തിന്റെയും ടി.പി.സെന്‍കുമാറിനെയും തെരഞ്ഞെടുക്കുകയായിരുന്നു. സെന്‍കുമാറിന്റെ നിയമനത്തെ നേരത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു. സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ കരിനിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കഐടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചത്.