ആംബുലന്‍സിന്റെ വഴി തടഞ്ഞത് ഗുരുതരം

Friday 20 October 2017 6:53 pm IST

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞത് ഗുരുതരമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ്. പോലീസ് കേസെടുത്തില്ലായിരുന്നെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് മറ്റ് നിയമന നടപടിയിലേക്ക് നീങ്ങുമായിരുന്നെന്നും അദ്ദേഹം അറിയിച്ചു. ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്കു പോയ ആംബുലന്‍സിന്റെ മുന്നിലാണ് കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത്. വഴിമുടക്കിയ കാര്‍ അലക്ഷ്യമായാണ് ഓടിച്ചതെന്നു കുഞ്ഞിന്റെ അച്ഛനമ്മമാര്‍ പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ അഞ്ചുമിനിറ്റ് വൈകിയെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേനെ. പ്രസവിച്ച് 15 മിനിറ്റുമാത്രം പിന്നിട്ട കുഞ്ഞിനെയാണ് ആംബുലന്‍സില്‍ കൊണ്ടുപോയത്. കുഞ്ഞ് ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചിനാണു കുട്ടിയുമായി ആംബുലന്‍സ് ഡ്രൈവര്‍ പി.കെ. മധു താലൂക്ക് ആശുപത്രിയിലേക്കു പുറപ്പെട്ടത്. കുഞ്ഞുമായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നു പോയ ആംബുലന്‍സിനെ കെഎല്‍-17 എല്‍ 202 എന്ന നമ്പരിലുള്ള കാര്‍ മുന്നിലേക്കു കടത്തിവിട്ടില്ല. സാധാരണ 15 മിനിറ്റിനുള്ളില്‍ കളമശ്ശേരിയില്‍ എത്താറുള്ള ആംബുലന്‍സ് 35 മിനിറ്റ് കൊണ്ടാണ് എത്തിയത്.