ഹോം » കേരളം » 

മണ്ഡലകാലത്തിന് ആഴ്ചകള്‍ മാത്രം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അവതാളത്തിലാകാന്‍ സാദ്ധ്യത

പ്രിന്റ്‌ എഡിഷന്‍  ·  October 21, 2017

ആലപ്പുഴ: മണ്ഡലകാലം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ശബരിമല സര്‍വീസിനുള്ള യാതൊരു നടപടിക്രമങ്ങളും കെഎസ്ആര്‍ടിസി തുടങ്ങിയില്ല. ശബരിമല സര്‍വീസിനായി ഇത്തവണയും കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ ഇറക്കില്ല. കെഎസ്ആര്‍ടിസി എം ഡിയുടെ സ്ഥാനചലനത്തിനൊപ്പം ഡ്യൂട്ടി പരിഷ്‌ക്കരണത്തില്‍ ജീവനക്കാരും കടുത്ത അതൃപ്തിയിലാണ്.

ഈ സാഹചര്യത്തില്‍ എങ്ങനെ സര്‍വീസ് തുടങ്ങും എന്ന ആശങ്കയിലാണ് അധികൃതര്‍. നഷ്ടത്തില്‍ നിന്നും നാശത്തിലേക്ക് കൂപ്പു കുത്തുന്ന കെഎസ്ആര്‍ടിസിയ്ക്ക് ശബരിമല സീസണ്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മണ്ഡലകാലത്ത് എങ്ങനെ സര്‍വീസ് നടത്തും എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
ബസുകളുടെ കുറവാണ് പ്രധാന പ്രശ്‌നം. പുതിയ ബസുകള്‍ ഇറക്കാത്തതുമൂലം നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ ആകും പമ്പയ്ക്കു അയയ്ക്കുക.

ഇതു മറ്റു റൂട്ടുകളില്‍ യാത്രാക്‌ളേശത്തിനും ഇടയാക്കും. അമിത ഭാരം അടിച്ചേല്‍പ്പിക്കുന്ന ഡ്യൂട്ടി പരിഷ്‌ക്കരണത്തില്‍ ഭൂരിഭാഗം ജീവനക്കാരും രോഷത്തിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമല സര്‍വീസ് പരാതിരഹിതമായി നടത്തുക കെഎസ്ആര്‍ടിസിക്ക് അഗ്നിപരീക്ഷയാകും.
എംഡി എം.ജി. രാജമാണിക്യത്തെ മാറ്റിയതുകൂടാതെ വകുപ്പ് മന്ത്രി തോമസ് ചാണ്ടിയും അവധിയിലേക്ക് പ്രവേശിക്കുന്നു. ആകെ കുത്തഴിഞ്ഞ അവസ്ഥയാണ് കെഎസ്ആര്‍ടിസിയിലേതെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആര്‍ക്കാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഉത്തരവാദിത്ത്വം എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. മികച്ച വരുമാനം ലക്ഷ്യമാക്കി മാസങ്ങള്‍ മുമ്പ് നടത്തേണ്ട തയ്യാറെടുപ്പ് ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

ഇത് കെഎസ്ആര്‍ടിസിക്ക് മാത്രമല്ല, ശബരിമല തീര്‍ത്ഥാടകരെയും വലയ്ക്കും. യാത്രാക്‌ളേശം മാത്രമല്ല, സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് അവര്‍ക്ക് അധിക സാമ്പത്തിക ബാദ്ധ്യതയ്ക്കും ഇടയാക്കും. ശബരിമല സന്നിധാനത്തില്‍ വരെയെത്തി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തിയെങ്കിലും കെഎസ്ആര്‍ടിസിയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അന്വേഷിക്കാന്‍ പോലും ആരും ഇല്ലാത്ത ദുരവസ്ഥയാണുള്ളത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick