ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഉയരുന്നു

Friday 20 October 2017 8:42 pm IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഉയരുന്നു. വിഷപ്പുക നിറഞ്ഞ അന്തരീക്ഷമാണ് ഇന്നലെ രാവിലെ ദല്‍ഹിയില്‍ ദൃശ്യമായത്. വൈകുന്നേരത്തോടെ സാഹചര്യം മെച്ചപ്പെട്ടു. ദീപാവലി ആഘോഷം കണക്കിലെടുത്ത് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്ക വില്‍പ്പന കോടതി നിരോധിച്ചിരുന്നു. പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നില്ല. അതിനാല്‍ പലയിടങ്ങളിലും പടക്കം പൊട്ടിച്ചാണ് വിശ്വാസികള്‍ ദീപാവലി ആഘോഷിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മലിനീകരണത്തില്‍ കുറവുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രകാരം 342നും 355നും ഇടക്കാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ശേഷം ഇത് 999 വരെയായിരുന്നു. ഇന്നലെ ദല്‍ഹിയിലെ ചില ഭാഗങ്ങളില്‍ 978 വരെയെത്തിയതായി ദല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. അന്തരീക്ഷത്തില്‍ അലിയുന്ന മലിനവസ്തുക്കളായ പി.എം.2.5ന്റെ അളവ് 878 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്ററാണ്. 60 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്ററാണ് സുരക്ഷാ പരിധി.