കടമുറി കൈമാറ്റം നിയമക്കുരുക്കിലേക്ക്

Friday 20 October 2017 9:03 pm IST

തൃശൂര്‍: ജയ്ഹിന്ദ് മാര്‍ക്കറ്റിലെ കടമുറി കൈമാറ്റവുമായി ബന്ധപ്പെട്ട് കോര്‍പറേഷനെതിരെ ആഞ്ഞടിച്ച് ബി ജെപി. സംസ്ഥാനത്തെ ഒത്തു തീര്‍പ്പ് ഭരണമാണ് കോര്‍പ്പറേഷനിലും സി.പി.എമ്മും, കോ ണ്‍ഗ്രസും നടത്തുന്നതെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഒരു മുറിയുടേത് മാത്രമല്ല, കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള മുഴുവന്‍ കടമുറി കൈമാറ്റങ്ങളിലും, വാടകയിനങ്ങളിലുമുള്ള അഴിമതിയാരോപണത്തിലും, റിലയന്‍സ് ഇടപാടിലും സി.ബി.ഐ അന്വേഷണം വേണമെന്ന് ബി. ജെ.പി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും കത്ത് നല്‍കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.എസ്.സമ്പൂര്‍ണ്ണ അറിയിച്ചു. ഇന്നലെ നടന്ന കൗണ്‍ സി ലില്‍ 48 ഇനങ്ങളുണ്ടായിരുന്ന അജണ്ടയില്‍ ആദ്യമായി ചര്‍ച്ചക്കെടുത്ത കടമുറി കൈമാറ്റ വിവാദം കത്തിക്കയറി. രാവിലെ 11 ന് തുടങ്ങിയ ചര്‍ച്ച ഉച്ചക്ക് രണ്ടോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴാണ് അവസാനിച്ചത്. മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞതനുസരിച്ചാണ് മുറി കൈമാറിയതെന്ന ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍.റോസിയുടെ ആരോപണമാണ് ചര്‍ച്ച ചൂടാക്കിയത്. ടി.ബ്‌ള്യു.സി.സി.എസിന് പണം നല്‍കിയതും കോര്‍പ്പറേഷനും തമ്മില്‍ ബന്ധമില്ലെന്നും, പുറത്തെ ഇടപാടുകള്‍ക്ക് കോര്‍പ്പറേഷനോ മേയറോ പങ്കാളിയാവുന്നതെങ്ങനെയെന്നും രാജന്‍ പല്ലന്‍ ചോദിച്ചു. നിയമപരമായ നടപടികള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. കത്ത് വൈകിപ്പിച്ച് സ്വകാര്യ വ്യക്തിയുമായി വിലപേശല്‍ നടത്തുകയായിരുന്നുവെന്നും, അത് ലഭിക്കാതെ വന്നതോടെ ആരോപണവുമായി വന്നതാണെന്നും രാജന്‍ പല്ലന്‍ ആരോപിച്ചു. കടമുറി കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് ടി.ഡബ്‌ള്യു.സി.സി.എസിനെതിരെ നിയമനടപടിക്കും, മുറി സ്വന്തമാക്കിയ സ്വകാര്യ വ്യക്തിയില്‍ നിന്നും അത് റദ്ദാക്കി തിരിച്ചെടുക്കുന്നതിന് നിയമോപദേശം തേടാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കടമുറി കൈമാറ്റത്തില്‍ നിയമനടപടികളിലേക്ക് കടക്കാമെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയാണ് കൗണ്‍സിലിനെ അറിയിച്ചത്. സ്വകാര്യ വ്യക്തിയില്‍ നിന്നും 17 ലക്ഷം വാങ്ങി, കൈമാറ്റം നടത്തിയ കടമുറി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ സെക്രട്ടറി കെ. എം.ബഷീര്‍ നല്‍കിയ കത്ത് കൗണ്‍സില്‍ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.