ഹോം » കായികം » 

അണ്ടര്‍ 17 ലോകകപ്പ്: ഇറാന്‍- സ്‌പെയിന്‍ പോരാട്ടം ഇന്ന്

October 22, 2017

കൊച്ചി: അണ്ടര്‍-17 ലോകകപ്പില്‍ സെമിബെര്‍ത്ത് തേടി ഏഷ്യന്‍ ശക്തികളായ ഇറാന്‍ ഇറങ്ങുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ഇന്ന് സ്‌പെയിനെ നേരിടും. വൈകിട്ട് അഞ്ചിനാണ് മത്സരം.

ഇതാദ്യമായാണ് ഇറാന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. മികവാര്‍ന്ന പ്രകടനമാണ് അവരെ അവസാന എട്ടിലൊന്നാക്കിയത്. പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയെ തോല്‍പ്പിച്ചു.ഈ ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും ഇറാന്‍ വിജയം നേടി. പന്ത്രണ്ട് ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റി. രണ്ടെണ്ണം മാത്രമാണ് ഇറാന്റെ വലയില്‍ കുരുങ്ങിയത്.

ഏറെ സമയം പന്തിന് പിറകെ പാഞ്ഞ് ഊര്‍ജം കളയാതെ കിട്ടിയ അവസരങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് ഇറാന്റെ തന്ത്രം. ടീമിന്റെ വിജയത്തിനായി എല്ലാവരും ഒത്തിണങ്ങി കളിക്കുമെന്ന് മധ്യനിരതാരമായ മുഹമ്മദ് ഷെരിഫി പറഞ്ഞു.
മൂന്ന തവണ റണ്ണേഴ്‌സ് അപ്പായ ടീമാണ് സ്‌പെയിന്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തകര്‍ന്ന സ്‌പെയിന്‍ പിന്നീട് തിരിച്ചുവരുകയായിരുന്നു. ഓരോ മത്സരം കഴിയുന്തോറും അവര്‍ കരുത്താര്‍ജിച്ചുവരുകയാണ്. ശക്തരായ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറാനെ എതിരിടാന്‍ യോഗ്യത നേടിയത്.

Related News from Archive
Editor's Pick