പാലാ: കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ സ്ഥാപിച്ച സ്വന്തം റെക്കോഡ് തിരുത്തി പി.എ. അതുല്യ ഇത്തവണയും ഡിസ്ക്കസ് ത്രോയില്‍ പൊന്നണിഞ്ഞു. തൃശൂര്‍ നാട്ടിക ഫിറഷീസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അതുല്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് മീറ്ററിലേറെ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞാണ് റെക്കോഡ് സ്വന്തമാക്കിയത്.
ഇന്നലെ 37.49 മീറ്റര്‍ ദൂരത്തേയ്ക്കാണ് അതുല്യ ഡിസ്ക്ക് എറിഞ്ഞത്. 35.41 മീറ്ററായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദൂരം. 28.31 മീറ്റര്‍ എറിഞ്ഞ ആലപ്പുഴ തിരുനല്ലൂര്‍ ജിഎച്ച്എസ്എസിലെ ആരതി. എസ് വെള്ളിയും പാലക്കാട് പറളിസ്കൂളിന്റെ സി.ആര്. രഹില 27.57 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
വഡോദരയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ വെങ്കലവും അതുല്യ നേടിയിട്ടുണ്ട്. മുന്‍പ് സബ്ജൂനിയര് വിഭാഗത്തില്‍ ദേശീയ-സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണനേട്ടത്തിന് ഉടമയാണ് അതുല്യ. സ്കൂള്‍ ബസ്സ് ഡ്രൈവറായ അജയ് ഘോഷിന്റെയും രതിയുടെയും മകളാണ് ഈ മിടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: