ഹോം » ഭാരതം » 

ബോഫോഴ്‌സ്: പൂഴ്ത്തിയ ഫയലുകള്‍ വീണ്ടെടുക്കാന്‍ സിബിഐ

വെബ് ഡെസ്‌ക്
October 22, 2017

ന്യൂദല്‍ഹി: കോടികളുടെ ബൊഫോഴ്സ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സിബിഐ നടപടികള്‍ വേഗത്തിലാക്കി. ആദ്യ പടിയായി കേസുമായി ബന്ധപ്പെട്ട് പൂഴ്ത്തിയ ഫയലുകള്‍ വീണ്ടെടുക്കാന്‍ സിബിഐ തീരുമാനിച്ചു. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കേസില്‍ കുറ്റാരോപിതരായവരുടെയും സാക്ഷികളുടെയും വിവരങ്ങള്‍ അടങ്ങിയ പട്ടിക തയാറാക്കാനും നിര്‍ദേശം. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് നടപടികള്‍ വേഗത്തിലാക്കിയത്. കേസ് അന്വേഷിക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും.

കേസില്‍ പുനരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. പുനരന്വേഷണം വേണ്ടെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിലപാട് പുനഃപരിശോധിക്കണമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടപടികള്‍ വേഗത്തിലാക്കിയത്.

ബൊഫോഴ്‌സില്‍ അഴിമതി ആരോപണമുയര്‍ന്ന സമയത്ത് അമേരിക്കന്‍ ഡിറ്റക്ടീവ് ഏജന്‍സി ഫെയര്‍ഫാക്സിന്റെ മേധാവി മിഷേല്‍ ഹെര്‍ഷ്മാന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് കേസുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് സിബിഐയുടെ വീണ്ടും അന്വേഷണമെന്ന തീരുമാനത്തിലേക്ക് സിബിഐയെ എത്തിച്ചത്.

സ്വിസ് കമ്പനിയായ എ.ബി. ബൊഫോഴ്സില്‍ നിന്ന് ഹൊവിറ്റ്സര്‍ തോക്ക് വാങ്ങാന്‍ കരാര്‍ നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു.

Related News from Archive
Editor's Pick