ട്രംപിനെ പുറത്താക്കണം; പ്രചാരണവുമായി കോടീശ്വരന്‍

Sunday 22 October 2017 11:08 am IST

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ ട്രംപിനെ ഇംപീച്ച്ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന്‍ രംഗത്ത്. അമേരിക്കന്‍ വ്യവസായിയായ ടോം സ്റ്റെയറാണ് ഓണ്‍ലൈന്‍, ദൃശ്യ മാധ്യമങ്ങളിലൂടെ ട്രംപിനെതിരായ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഒരു മിനിട്ട ദൈര്‍ഘ്യമുള്ള ഒരു പരസ്യവും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ട്രംപിനെ പുറത്താക്കാനുള്ള കാരണങ്ങള്‍ അദ്ദേഹം അക്കമിട്ട നിരത്തുന്നുണ്ട്. അമേരിക്കയെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു, എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നു, വിദേശരാജ്യങ്ങളില്‍ നിന്ന പണം വാങ്ങുന്നു, സത്യം പറയുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ട്രംപിനെതിരെ സ്റ്റെയര്‍ ഉയര്‍ത്തുന്നത്. ട്രംപ് മാനസിക പ്രശ്‌നമുള്ളയാളാണെന്ന് തിരിച്ചറിഞ്ഞിട്ടും യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നീഡ് ടു ഇംപീച്ച് എന്ന വെബ്സൈററ് വഴിയാണ് ഇംപീച്ചമെന്റ് പ്രമേയം അമേരിക്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാനുള്ള പിന്തുണ തേടുന്നത്. ട്രംപിനെതിരായ നീക്കത്തിന് ഒരുകോടി ഡോളര്‍ സംഭാവന നല്‍കുമെന്നും ഇദ്ദേഹം പറയുന്നു.