ഹോം » ഭാരതം » 

ഗുജറാത്തിലെ വികസന പദ്ധതികള്‍ യുപിഎ തടസ്സപ്പെടുത്തി

വെബ് ഡെസ്‌ക്
October 22, 2017

അഹമ്മദാബാദ്: താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തിലെ വികസന പദ്ധതികള്‍ യുപിഎ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായിക വളര്‍ച്ചയും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനവും അവര്‍ തടസ്സപ്പെടുത്തി. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ജയിപ്പിച്ച് പ്രധാനമന്ത്രിയാക്കിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞതായും മോദി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വലിയ മാറ്റമാണ് ഗുജറാത്തിന് ഉണ്ടായത്. താന്‍ പ്രധാനമന്ത്രിയായതു മുതല്‍ ഗുജറാത്തിന് മികച്ച പരിഗണനയാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. ഭാവ്‌നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സര്‍വീസിന്റെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ ഫെറി ബോട്ട് സര്‍വീസാണിത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുജറാത്തിലെ ആറ് കോടി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.സൗരാഷ്ട്രയിലെ ഗോഗയില്‍നിന്നു ദക്ഷിണ ഗുജറാത്തിലെ ദഹേജിലേക്ക് എത്തിച്ചേരാന്‍ നിലവില്‍ ഏഴു മുതല്‍ എട്ടുവരെ മണിക്കൂര്‍ വേണ്ടിവരുന്നിടത്ത് ഫെറി സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം കേവലം രണ്ടു മണിക്കൂറില്‍ താഴെയായി ചുരുങ്ങും. പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ വാഹനങ്ങള്‍ കടത്തുന്നതിനും സാധിക്കും. ഞായറാഴ്ച പ്രധാനമന്ത്രി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും.

പ്രധാനമന്ത്രി ആവാസ് യോജന (നഗര, ഗ്രാമീണ മേഖലകള്‍) പ്രകാരമുള്ള വീടുകളുടെ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും. സമഗ്ര ഗതാഗത ഹബ്, പ്രാദേശിക ജലവിതരണ പദ്ധതികള്‍, ഗൃഹനിര്‍മാണ പദ്ധതികള്‍, ഫ്ളൈ ഓവര്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ, വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും.മുന്ദ്ര-ദല്‍ഹി പെട്രോളിയം ഉല്‍പന്ന പൈപ്പ് ലൈനിന്റെ ശേഷി വികസിപ്പിക്കല്‍, വഡോദരയില്‍ എച്ച്.പി.സി.എല്ലിന്റെ ഗ്രീന്‍ഫീല്‍ഡ് മാര്‍ക്കറ്റിങ് ടെര്‍മിനല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.

കഴിഞ്ഞമാസം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്ക്കൊപ്പം അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഒട്ടനവധി വികസനപരിപാടികളും മോദി ഗുജറാത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick