ഹോം » ലോകം » 

ചൈനീസ് സ്ഥാനപതിയുടെ സുരക്ഷ ശക്തമാക്കാന്‍ പാക്കിസ്ഥാനോട് ചൈന

വെബ് ഡെസ്‌ക്
October 22, 2017

ഇസ്ലാമബാദ്: പുതുതായി ഇസ്ലാമബാദില്‍ നിയമിക്കപ്പെട്ട തങ്ങളുടെ സ്ഥാനപതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ചൈന പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകര സംഘടനയുടെ ഭീഷണി നിലനിലല്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് എംബസി പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാചുമതലയുള്ള മന്ത്രാലയത്തിന് ഈ കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

നിരോധിത ഭീകര സംഘടനയായ ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റിലെ (ഇടിഐഎം) അംഗം ചൈനീസ് സ്ഥാനപതിയെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനിലേയ്ക്ക് ഒളിച്ച് കടന്നിട്ടുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കത്തില്‍ ഭീകരന്റെ പാസ്‌പോര്‍ട്ട് രേഖകളും വിശദമാക്കിയിട്ടുണ്ട്. കൂടാതെ ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്ത് ചൈനീസ് എംബസിക്ക് കൈമാറണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ അനുസരിച്ച് അബ്ദുള്‍ വാലിയെന്ന ഭീകരനാണ് പാക്കിസ്ഥാനിലേയ്ക്ക് കടന്നിരിക്കുന്നതെന്നാണ് അറിയുന്നത്.

ചൈനയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനപതിക്കും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ചൈനീസ് കേന്ദ്രങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരന്റെ വൃത്തിക്കെട്ട മനോഭാവങ്ങള്‍ നശിപ്പിക്കാന്‍ മാത്രമല്ല ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ഭീകരരെ പിടികൂടാനും ഇതിലൂടെ സാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായിരുന്ന യാവോ ജിംഗാണ് ഇസ്ലാമബാദില്‍ പുതുതായി ചുമതലയേറ്റെടുത്തത്. മൂന്ന് വര്‍ഷമായി ചൈനീസ് സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്ന സണ്‍ വെയ്‌ഡോങ്ങ് അടുത്തിടെ ചൈനയിലേയ്ക്ക് തിരിച്ചതോടെയാണ് യാവോ ഇവിടുത്തെ ചുമതല ഏറ്റെടുത്തത്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick