വഴിപാടായി എല്‍ഡിഎഫ് ജാഥ : ആളും ആരവവുമില്ലാതെ ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങള്‍

Sunday 22 October 2017 11:13 pm IST

കണ്ണൂര്‍: ജനജാഗ്രതാ യാത്രയെന്ന പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍ നയിക്കുന്ന എല്‍ഡിഎഫിന്റെ ജാഥ വഴിപാടാകുന്നു. ഇന്നലെ ജില്ലയില്‍ പ്രവേശിപ്പിച്ച ജാഥയെ വരവേറ്റത് ആളും ആരവവുമൊഴിഞ്ഞ സ്വീകരണ കേന്ദ്രങ്ങളാണ്. പയ്യന്നൂരില്‍ നടന്ന ആദ്യസ്വീകരണ പരിപാടിയിലുള്‍പ്പെടെ നന്നേ ശുഷ്‌കമായ ജന പങ്കാളിത്തം മാത്രമേ ഉണ്ടായുളളൂ. ഐതിഹാസിക വിജയമായി മാറിയ ബിജെപിയുടെ ജനരക്ഷായാത്ര കണ്ട് വിറളിപൂണ്ട് സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മേഖലാ ജാഥകള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തത്. ജാഥ നടത്താനുളള തീരുമാനമെടുത്തപ്പോള്‍ത്തന്നെ പല ഘടകകക്ഷിനേതാക്കളും ജാഥ നടത്തുന്നതിലുളള അഭിപ്രായ വ്യത്യാസം എല്‍ഡിഎഫ് നേതൃയോഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ബിജെപിയുടെ ജരരക്ഷാ യാത്രയ്ക്ക് ലഭിച്ച സ്വീകാര്യതയില്‍ പേടികുടുങ്ങിയ സിപിഎം നേതൃത്വം ജാഥയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജാഥയാരംഭിച്ച് രണ്ട് ദിവസം കൊണ്ടുതന്നെ ജാഥകൊണ്ടൊരു പ്രയോജനമോ സമൂഹത്തില്‍ ഒരു ചലനമോ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയായിരുന്നിട്ടും പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്പോലും ജാഥയെ സ്വീകരിക്കാനും പൊതുയോഗത്തില്‍ സംബന്ധിക്കാനും നാമമാത്രമായ ആളുകളെ എത്തിച്ചേരുന്നുളളൂവെന്നത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകളേയും കേന്ദ്രസര്‍ക്കാരിനേയും കുറ്റപ്പെടുത്തി മാത്രം മുന്നോട്ടു പോകുന്ന ജാഥയില്‍ സംസ്ഥാനത്തെ എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങളോ വികസന കാഴ്ചപ്പാടുകളോ അവതരിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ത്തന്നെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പാര്‍ട്ടി അംഗങ്ങളുള്‍പ്പെടെ ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മാത്രമല്ല പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി മേഖലകളില്‍ രൂപംകൊണ്ട അഭിപ്രായ ഭിന്നതയും ജാഥയുടെ മാറ്റ് കുറച്ചിരിക്കുകയാണ്. പല മേഖലകളിലും ജില്ലയിലെ ഔദ്യോഗികനേതൃത്വം ഏകപക്ഷീയമായി ഭാരവാഹികളെ അടിച്ചേല്‍പ്പിച്ചതിലുളള അമര്‍ഷം കാരണം ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യവും ഉണ്ട്. വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുളള നടപടിയെ പിന്തുണച്ച സിപിഎം നേതൃത്വത്തിന്റെ നടപടിയിലുളള പ്രതിഷേധം കാരണം ജാഥയുടെ തളിപ്പറമ്പിലെ സ്വീകരണ പരിപാടിയില്‍ നിന്നും കീഴാറ്റൂരിലെ ഒരു വിഭാഗം പ്രവര്‍ത്തകരും അംഗങ്ങളും അനുഭാവികളും വിട്ടുനിന്നു. ഇന്നലെ തളിപ്പറമ്പിലും പയ്യന്നൂരിലും പഴയങ്ങാടിയിലും ജാഥയ്ക്ക് ലഭിച്ച തണുത്ത പ്രതികരണം ബിജെപിയുടെ ജനരക്ഷായാത്രയെ വെല്ലാന്‍ ആരംഭിച്ച ജാഥ വഴിപാടായി മാറിയെന്ന് തെളിയിച്ചിരിക്കുകയാണ്.