ഹോം » വിചാരം » മുഖപ്രസംഗം

നീതിപീഠത്തിന്റെ ആശങ്ക അവഗണിക്കരുത്

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

കലാലയ രാഷ്ട്രീയം ഇന്ന് സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും പ്രതികരണങ്ങളും കൂടിയായപ്പോള്‍ അതിന്റെ ഗൗരവം ഒന്നുകൂടി വര്‍ധിച്ചു. കലാലയങ്ങളില്‍നിന്ന് രാഷ്ട്രീയം മാറ്റിനിര്‍ത്തണമെന്ന് ഹൈക്കോടതിയും, മാനേജ്‌മെന്റുകളില്‍ പലതും, ഒരുവിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നുവെന്നത് നേരാണ്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം വേണ്ടെന്നു പറയുന്നതും, സംഘടനാ പ്രവര്‍ത്തനത്തോട് വിരക്തി സൃഷ്ടിക്കുന്നതും ചില വിദ്യാര്‍ത്ഥി സംഘടനകളുടെ നിലവിട്ട കളികള്‍കൊണ്ടാണെന്ന് പറയേണ്ടിയിരിക്കുന്നു. അതില്‍ മുഖ്യപങ്കാണ് സിപിഎമ്മിന്റെ പോഷകസംഘടനയായ എസ്എഫ്‌ഐയ്ക്കും, തീവ്ര മുസ്ലിം സംഘടനകളുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ക്കുമുള്ളത്. ഇവര്‍ കലാലയ അന്തരീക്ഷം കലുഷിതമാക്കിയ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. തല്ലാനും കൊല്ലാനും അസഭ്യം പറയാനും, പ്രണയം നടിച്ച് മതംമാറ്റാനുമൊക്കെയാണ് കലാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യമെന്ന് ഇവര്‍ ധരിച്ചതുപോലെയുണ്ട്. ഇത്തരം കൃത്യങ്ങള്‍ തന്നെയാണ് സമൂഹത്തെ, പ്രത്യേകിച്ച് കലാലയ അന്തരീക്ഷത്തെയും നിരീക്ഷിക്കുന്ന ഹൈക്കോടതിയേയും മറ്റും കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന നിഗമനത്തിലെത്തിക്കുന്നത്.

പാലക്കാട് വിക്‌ടോറിയ കോളേജില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും വിരമിക്കുന്ന മഹതിക്ക് ശവകുടീരം തീര്‍ത്തത് പലകുറി ചര്‍ച്ചചെയ്തതാണ്. എറണാകുളം മഹാരാജാസ് കോളേജിലെ പ്രധാന അധ്യാപികയുടെ ഇരിപ്പിടം കോളേജ് കോമ്പൗണ്ടിലിട്ട് തീകൊളുത്തിയ സംഭവമുണ്ടായി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ആളേറെ ഉണ്ടെന്നവകാശപ്പെടുന്ന എസ്എഫ്‌ഐയുടെ നേതൃത്വത്തിലാണ് ഇതൊക്കെ ചെയ്തത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല.

എവിടെയൊക്കെ ഇവര്‍ക്ക് സ്വാധീനമുണ്ടോ അവിടങ്ങളിലൊന്നും ജനാധിപത്യമോ സമാധാനമോ ഇല്ലെന്ന് കാണാന്‍ കഴിയും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച, ദേശീയ അധ്യക്ഷന്‍ അമിത്ഷായും ദേശീയ നേതാക്കളും മന്ത്രിമാരും പങ്കെടുത്ത ജനരക്ഷായാത്രയെ അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അടക്കിഭരിക്കുന്ന എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു ഇത്. കോളേജിന് അവധി നല്‍കിയിട്ടും വാട്‌സാപ്പിലൂടെ അനുയായികളെ കോളേജിലെത്തിക്കാന്‍ ശ്രമിച്ചു. കോളേജ് കോമ്പൗണ്ടില്‍ ആര്‍എസ്എസിനെയും ബിജെപിയേയും നിരോധിക്കണമെന്ന കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. മറ്റ് നടപടികളിലേക്ക് നീങ്ങിയാല്‍ പ്രശ്‌നം ഗുരുതരമാകുമെന്ന് മുന്നറിയിപ്പുനല്‍കിയതിനാല്‍ പോലീസുകാര്‍ മതില്‍ സൃഷ്ടിച്ച് പിരിമുറുക്കം കുറയ്ക്കുകയായിരുന്നു.

കോളേജില്‍ വരുന്നത് പഠിക്കാനല്ലെന്ന ധാരണയുള്ള ചിലരുണ്ട്. ഇവര്‍ക്ക് പുറത്തുനിന്ന് സഹായവും സംരക്ഷണവും ലഭിക്കുന്നു. പഠിക്കാനെത്തുന്നവരെ അതിനനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് ഗൗരവമുള്ളത് തന്നെയാണ്. എന്നാല്‍ കലാലയത്തില്‍ നിന്നും രാഷ്ട്രീയം പറിച്ചെറിയുക എന്നതിനോട് ഞങ്ങള്‍ക്ക് യോജിക്കാനാവില്ല. ആരോഗ്യകരമായ സംഘടനാ സ്വാതന്ത്ര്യവും, സമാധാനപരമായ അന്തരീക്ഷവും കലാലയങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

ഭാവിരാഷ്ട്രീയത്തില്‍ സജീവമായി പങ്കാളികളാകേണ്ടവര്‍ വിദ്യാഭ്യാസമുള്ളവരും, നല്ല കാഴ്ചപ്പാടുള്ളവരുമാകണം. അതിന് ചെറുപ്പംമുതല്‍തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യവിവരം സ്വായത്തമാക്കുകതന്നെ വേണം. അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഇതിനായി നല്ല ധാരണയിലെത്തണം. പഠിക്കാന്‍ പോയിട്ട് മകളോ മകനോ വഴിതെറ്റിപ്പോയി എന്ന തോന്നല്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ ആശങ്ക അവഗണിക്കാതെ ഗുണപരമായ രീതിയില്‍ കലാലയ രാഷ്ട്രീയത്തെ മാറ്റണമെന്ന് സമൂഹമാകെ ചിന്തിക്കണം. അതിനായി പ്രയത്‌നിക്കണം.

Related News from Archive
Editor's Pick