ഹോം » കേരളം » 

കുടുംബ ബന്ധങ്ങളിലെ താളപ്പിഴ; രണ്ട് ജീവന്‍ പൊലിഞ്ഞു

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

ഇടുക്കി: കുടുംബ ബന്ധങ്ങളുടെ താളം തെറ്റലാണ് കഞ്ഞിക്കുഴിയില്‍ രണ്ട് ജീവന്‍ പൊലിയാന്‍ കാരണമായത്. 26 വര്‍ഷം ഒപ്പം താമസിച്ച സുമ നഷ്ടപ്പെടുമെന്ന് ദാമോദരന് തോന്നലുണ്ടായി. ഈ വിവരം അയല്‍വാസികളോടും പഞ്ചായത്ത് മെമ്പറോടും പറഞ്ഞിരുന്നു. കഴിഞ്ഞ 17ന് സുമയെ കാണാതായി. ദാമോദരന്‍ കഞ്ഞിക്കുഴി പോലീസില്‍ മിസിങിന് കേസ് ഫയല്‍ ചെയ്തു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ ശനിയാഴ്ച സുമ സ്റ്റേഷനിലെത്തി.

ഹോംനഴ്‌സായി ജോലിക്ക് പോകാനുള്ള രേഖകള്‍ ലഭിക്കുന്നതിനായിരുന്നു സ്റ്റേഷനിലെത്തിയത്. മിസിങിന് കേസ് നിലനില്‍ക്കുന്നതിനാല്‍ സുമയെ കഞ്ഞിക്കുഴി പോലീസ് ഇടുക്കി കോടതില്‍ ഹാജരാക്കി. തന്റെ ജീവന്‍ അപകടത്തിലാണെന്ന് സുമ കോടതിയെ അറിയിച്ചിരുന്നതായി വിവരമുണ്ട്. പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് നിര്‍ദ്ദേശിച്ച് ദാമോദരനൊപ്പം സുമയെ പറഞ്ഞയക്കുകയായിരുന്നു.

വീട്ടിലെത്തി തിരിച്ചറിയല്‍ രേഖകളുമായി ഞായറാഴ്ച ഹോംനഴ്‌സ് ജോലിക്ക് പോകുമെന്നും സുമ കോടതിയില്‍ പറഞ്ഞിരുന്നു. വീട്ടിലെത്തിയ സുമ ഉറങ്ങാന്‍ കിടന്നു. ഉറങ്ങിക്കിടന്ന സുമയെ ദാമോദരന്‍ കമ്പിവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ദാമോദരനും തൂങ്ങിമരിച്ചു.

ദാമോദരന്റെ സഹോദരന്‍ ഗംഗാധരന്റെ ഭാര്യയാണ് കൂടെ താമസിച്ചിരുന്ന സുമ. സുമ ദാമോദരനൊപ്പം ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ദാമോദരന്റെ ഭാര്യയും മൂന്ന് മക്കളും കൂമ്പന്‍പാറയിലേക്ക് താമസം മാറ്റി. സുമയുടെ ആദ്യ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. മക്കളെ ഉപേക്ഷിച്ച് സുമയും ദാമോദരനും കഴിഞ്ഞുവരികയായിരുന്നു. വഴിവിട്ട ബന്ധങ്ങള്‍ കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിച്ചു.

Related News from Archive
Editor's Pick