ഹോം » കേരളം » 

ഭര്‍ത്താവിന്റെ കടബാധ്യത ഭാര്യയുടെ ഉത്തരവാദിത്വമല്ലെന്ന് കമ്മീഷന്‍

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

തിരുവനന്തപുരം: സാമ്പത്തികബാധ്യത താങ്ങാനാകാതെ ആത്മഹത്യചെയ്ത വ്യക്തിയുടെ മുഴുവന്‍ കടത്തിന്റെയും ഉത്തരവാദിത്വം ഭാര്യയുടെ മേല്‍ ചുമത്താനുള്ള സഹകരണ ബാങ്കിന്റെ നീക്കം മനുഷ്യത്വരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരിച്ച വ്യക്തിയുടെ ഗ്രാറ്റുവിറ്റിയും പിഎഫും ജപ്തി ചെയ്ത ബാങ്കിന്റെ നടപടി നിമയവിരുദ്ധമാണെന്നും കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

കഴക്കൂട്ടം സര്‍വീസ് സഹകരണ ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന വിക്രമനാണ് ആത്മഹത്യ ചെയ്തത്. വിക്രമന്റെ ഭാര്യ ബിന്ദുവിക്രമന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഭര്‍ത്താവിന്റെ ആനുകൂല്യങ്ങളും പിഎഫും ഗ്രാറ്റുവിറ്റിയും ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

വിക്രമന്റെ പിഎഫ് തുകയായ 38,950 രൂപയും ഗ്രാറ്റുവിറ്റിയായ 1,65,669 രൂപയും തിരുവനന്തപുരം സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഉത്തരവുപ്രകാരം ജപ്തി ചെയ്തതായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചു. പരാതിക്കാരിയുടെ പേരില്‍ 37 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാധ്യത തീര്‍ത്താല്‍ മാത്രമേ ആശ്രിതനിയമനം നല്കാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാറ്റുവിറ്റി തുക ജപ്തി ചെയ്തത് സിവില്‍ നടപടി നിയമം സെക്ഷന്‍ 60 പ്രകാരം തെറ്റാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഗ്രാറ്റുവിറ്റി തുക പിന്‍വലിക്കാന്‍ പരാതിക്കാരിയെ അനുവാദിക്കണമെന്ന് കമ്മീഷന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി.

രണ്ടുലക്ഷം രൂപ വായ്പയെടുത്ത പരാതിക്കാരി ഭീമമായ തുക അടയ്ക്കണമെന്ന ബാങ്കിന്റെ ആവശ്യം ന്യായമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് നഷ്ടപ്പെട്ട പരാതിക്കാരിക്ക് മറ്റ് ആശ്രയങ്ങളില്ല. പരാതിക്കാരിയുടെ കടബാധ്യത പലിശ ഒഴിവാക്കി ഒറ്റത്തേവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി അടയ്ക്കാന്‍ സൗകര്യം നല്കണം. ഇതിനുശേഷം ആശ്രിത നിയമനത്തിനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick