ഹോം » കേരളം » 

അല്‍ഷിഫ ആശുപത്രി പൂട്ടുന്നു

പ്രിന്റ്‌ എഡിഷന്‍  ·  October 23, 2017

കൊച്ചി: ഇടപ്പള്ളി അല്‍ഷിഫാ ആശുപത്രി പൂട്ടുന്നു. വ്യാജ ചികിത്സയാണ് ആശുപത്രിയില്‍ നടക്കുന്നതെന്ന് ആരോപിച്ച് കുറെ ദിവസമായി ആശുപത്രിക്ക് മുന്നില്‍ സമരം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രി പൂട്ടുന്നത്. ആശുപത്രി പൂട്ടുന്ന വിവരം ഉടമ ഡോ. ഷാജഹാന്‍ യൂസഫ് സാഹിബ് തന്നെയാണ് പുറത്തുവിട്ടത്. ആശുപത്രിയില്‍ വ്യാജചികിത്സയാണ് നടക്കുന്നതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരളഘടകം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ഡിഗ്രി ഉപയോഗിച്ചാണ് ഡോക്ടര്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതെന്നാണ് ആരോപണമുയര്‍ന്നത്.

ആരോപണവിധേയനായ ഡോക്ടറെ അന്വേഷണം പൂര്‍ത്തിയാകുംവരെ സസ്‌പെന്‍ഡ് ചെയ്യാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്.രോഗികളില്‍ ചിലരും ആശുപത്രിക്കെതിരെ പരാതിയുമായി എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. യുവമോര്‍ച്ചയുടെ സമരപ്പന്തല്‍ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചിരുന്നു. അല്‍ഷിഫാ ആശുപത്രിയുടെ പ്രവര്‍ത്തനം ആരോഗ്യകേരളത്തിന് തന്നെ നാണക്കേടാണെന്ന് അദ്ദേഹം ആരോപിച്ചു.

കൊച്ചി നഗരഹൃദയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും തദ്ദേശ സ്ഥാപനങ്ങളെയും കബളിപ്പിച്ചാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ സര്‍ക്കാര്‍  നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, എന്‍.പി ശങ്കരന്‍കുട്ടി, എസ്. സജി, നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick