കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന് നടപ്പാക്കുന്ന വിദ്യാലയ കൂട്ടുചേരല് പരിപാടി, പ്രവര്‍ത്തന മികവുകളുടെ വിനിമയം കൊണ്ട് ശ്രദ്ധേയമായി. തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളോടൊപ്പം പരസ്പര വിദ്യാലയ സന്ദര്‍ശനവും ആശയങ്ങളുടെയും തനത് പ്രവര്‍ത്തനങ്ങളുടെയും പങ്കുവെക്കലുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടാല്‍ ഒകെയുപി സ്കൂളും തോട്ടട വെസ്റ്റ് യുപി സ്കൂളുമാണ് ജോഡികളായി തെരെഞ്ഞെടുത്തത്. നടാല്‍ ഒകെയുപി സ്കൂളിലെ ജൈവവൈവിധ്യ പാര്‍ക്ക്, സ്കൂള്‍ അസംബ്ലി സംഘാടനം, ഉച്ചഭക്ഷണം, ശുചിത്വപരിപാലനം എന്നിവ കൂടാതെ സ്കൂളിന്റെ തനത് പ്രവര്‍ത്തനങ്ങളായ ചോക്ക് നിര്‍മ്മാണം, സോപ്പു നിര്‍മ്മാണം എന്നിവ അടുത്തറിയാനും ആശയങ്ങള്‍ സ്വീകരിക്കാനും തോട്ടട വെസ്റ്റ് യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. കഴിഞ്ഞ ദിവസം നടാല്‍ സ്കൂള്‍ സംഘം തോട്ടട സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുകയും തങ്ങളുടെ സ്കൂളില്‍ അവ നടപ്പാക്കാന്‍ താല്പര്യപ്പെടുകയും ചെയ്തിരുന്നു. ‘പങ്കുവെച്ച് മുന്നേറുക’ എന്ന ആശയം സാക്ഷാത്കരിക്കുന്നതിനാണ് എസ്എസ്എ സ്കൂള്‍ ട്വിന്നിംഗ് പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങളിലേക്കും ഈ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ സംഘടിപ്പിക്കും. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി. പുരുഷോത്തമന്, പ്രോഗ്രാം ഓഫീസര്‍ ടി.പി. വേണുഗോപാലന്‍ ബിപിഒ എ.പ്രകാശ്, എഇഒ എം.കെ.ഉഷ, ട്രെയിനര്‍ മോഹനന്, പ്രധാനധ്യാപകന് കെ.പി.ദിലീപ് കുമാര്‍, അധ്യാപികമാരായ സുരമ്യ രത്നാകരന്, പി.ഹര്‍ഷ, സി.ജീന എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: