വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമര പ്രഖ്യാപനം ഇന്ന്: കൂടുതല്‍ ദേശക്കാര്‍ സമരത്തിലേക്ക്

Monday 23 October 2017 7:54 pm IST

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ നികത്തിക്കൊണ്ടുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ 'വയല്‍ക്കിളി'കളുടെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം കീഴാറ്റൂല്‍ വയലിന് സമീപം മനുഷ്യച്ചങ്ങല തീര്‍ത്താണ് രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തുന്നത്. നേരത്തെ വയല്‍ക്കിളികള്‍ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായുള്ള ചര്‍ച്ചയില്‍ പുതിയ അലോട്ട് മെന്റ് പരിഗണിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വിദഗ്ധ സംഘം അലോട്ട്‌മെന്റില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. കീഴാറ്റൂര്‍ വയലിന് പുറമെ അക്കരെയുള്ള വയലും കൂടി നശിപ്പിക്കുന്നതാണ് പുതിയ അലൈന്റമെന്റ്. ഈസാഹചര്യത്തിലാണ് സമരം പുനരാരംഭിക്കാന്‍ വയല്‍ക്കിളികള്‍ തീരുമാനിച്ചത്. അതേസമയം പുതിയ അലൈന്‍മെന്റില്‍ ഉള്‍പ്പെടുന്ന കീഴാറ്റൂര്‍ പ്ലാത്തോട്ടം നിവാസികളും കൂട്ടായ്മ രൂപികരിച്ചു. നാളെ സന്ധ്യക്ക് 6.30ന് കിഴാറ്റൂര്‍ വയല്‍ക്കരയില്‍ തദ്ദേശവാസികള്‍ കയ്യില്‍ കത്തിച്ച മെഴുകുതിരികളുമായി പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. കിഴാറ്റൂര്‍ തോടിനു കിഴക്കുഭാഗത്തേക്ക് ബൈപ്പാസ് മാറുമ്പോള്‍ ലക്ഷംവീട് കോളനിയിലെ നൂറിലധികം വീടുകളും തണ്ണീര്‍ത്തടങ്ങളും ക്ഷേത്രങ്ങളും ഇല്ലാതാകുമെന്നതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. അതിനിടെ ബൈപ്പാസിന്‌വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന മുഴുവന്‍ പ്രദേശവാസികളും യോജിച്ച് പ്രക്ഷോഭം ശക്തമാക്കാനും നീക്കം നടക്കുന്നുണ്ട്. നിലവിലുളള ദേശീയപാത 30 മീറ്ററില്‍ വികസിപ്പിക്കുക, ബൈപ്പാസ് വേണ്ട എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും യോജിപ്പിക്കാനാണ് തിരൂമാനം.