ഹോം » കേരളം » 

ജനരക്ഷായാത്രയില്‍ പങ്കെടുത്തു എന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വെബ് ഡെസ്‌ക്
October 23, 2017

പത്തനംതിട്ട: ജനരക്ഷായാത്രാദിവസം യാത്രയില്‍ പങ്കെടുക്കുകയും ബിജെപിയുടെ കൊടികെട്ടിയകാറ് ഓടിച്ചെന്നും ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റു ചെയ്തു. ചിറ്റാര്‍ സ്‌റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ ഗിരിജേന്ദ്രനെയാണ് പത്തനംതിട്ട പോലീസ് ചീഫ് സതീഷ് ബിനോ സസ്‌പെന്റ് ചെയ്തത്. 15ന് അടൂരില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനംരാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് സ്വീകരണം നല്‍കിയപ്പോള്‍ അവിടെ ബിജെപിയുടെ കൊടിവച്ചകാറില്‍ എത്തിയെന്നാണ് കുറ്റം.

അതേസമയം ഗിരിജേന്ദ്രന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്നാണ് സൂചന. യുഡിഎഫ് ഭരണക്കാലത്ത് കേരളാ പോലീസ് അസോസിയേഷനില്‍ യുഡിഎഫ് കൗണ്‍സിലംഗം ആയിരുന്നു ഗിരിജേന്ദ്രന്‍. ഇതിലുള്ള രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ സിപിഎമ്മുകാരനായ ഇപ്പോഴത്തെ ഒരുകൗണ്‍സിലംഗം ആണ് വ്യജപ്രചാരണം നടത്തി തന്നെ സസ്‌പെന്‍ഷനിലാക്കിയതെന്ന് ഗിരിജേന്ദ്രന്‍ പറയുന്നു. തന്റെ സുഹൃത്തായ പ്രവീണിനൊപ്പം അടൂരിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ജനരക്ഷായാത്ര പരിപാടി നടക്കുന്നതിനിടയില്‍ കാറില്‍ അതുവഴി കടന്നുപോയ തങ്ങളെ കണ്ട സിപിഎം കാരനായ സഹപ്രവര്‍ത്തകന്‍ ഉന്നതഉദ്യോഗസ്ഥരോട് താന്‍ പരിപാടിയില്‍ പങ്കെടുത്തെന്ന് പറയുകയായിരുന്നു. താന്‍ ഓടിച്ചിരുന്നകാറില്‍ ബിജെപിയുടെ കൊടി കെട്ടിയിരുന്നില്ല. അവധിയിലായിരുന്ന താന്‍ സ്വകാര്യ ആവശ്യത്തിനുപോയതിനെ രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ചിലര്‍ ഉപയോഗിക്കുകയാണെന്നാണ് ഗിരിജേന്ദ്രന്റെ അഭിപ്രായം.

കഴിഞ്ഞ 15ന് നടന്ന സംഭവത്തില്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും നടപടി എടുക്കാതെ മുഖ്യമന്ത്രി പിണറായിവിജയന്‍ പത്തനംതിട്ട ജില്ലയിലെത്തിയ ഇന്നലെ തന്നെ സസ്‌പെന്‍ഷന്‍ നടപടി കൈക്കൊണ്ടതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Related News from Archive
Editor's Pick