'തോമസ് ചാണ്ടിയെ മുഖ്യമന്ത്രിക്ക് ഭയം'

Monday 23 October 2017 10:02 pm IST

കൊച്ചി: മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയിട്ടും, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്തതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഇ.പി. ജയരാജനോടില്ലാത്ത വിധേയത്വമാണ് തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പിണറായി വിജയന്. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ഭയപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍, കാരണം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. തോമസ് ചാണ്ടിയുടെ പണം സിപിഎം നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ടോ? എന്‍സിപിയിലെ ഒരുവിഭാഗം നേതാക്കള്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഭൂമി കൈയേറ്റക്കാരനായ ചാണ്ടിയെ ഒപ്പം നിര്‍ത്തുന്നത്. തോമസ് ചാണ്ടിക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പിണറായിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത്. കളക്ടറുടെ റിപ്പോര്‍ട്ട് വന്നതോടെ തോമസ് ചാണ്ടിയെ വെള്ളപൂശാനുള്ള ശ്രമം പൊളിഞ്ഞു.