ഹോം » കേരളം » 

സ്വത്ത് തട്ടിപ്പ് കേസ്: അഭിഭാഷകയും ഭര്‍ത്താവും അറസ്റ്റില്‍

വെബ് ഡെസ്‌ക്
October 24, 2017

കണ്ണൂര്‍: തളിപ്പറമ്പിലെ സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ എന്നിവര്‍ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ശൈലജയും കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്‌പി മുമ്പാകെ കീഴടങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ശൈലജയുടെ സഹോദരി ജാനകി നേരത്തെ അറസ്റ്റിലായിരുന്നു. ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളെ കുറിച്ച് മനസ്സിലാക്കിയ ശൈലജ, സഹോദരി ജാനകി, ബാലകൃഷ്ണനെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്.

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ബാലകൃഷ്ണനെ ശൈലജയും ഭര്‍ത്താവും ചേര്‍ന്ന് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ മരണമടയുകയായിരുന്നു. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പിന്നീട് ബന്ധുക്കളാണെന്ന് ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ച് മൃതശരീരം ഏറ്റുവാങ്ങി ഷൊര്‍ണൂരില ശാന്തിതീരത്ത് സംസ്‌കരിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം 1980 ല്‍ ജാനകി ബാലകൃഷ്ണനെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കി. വിവാഹക്ഷണക്കത്തും ഫോട്ടോയും വ്യാജമായുണ്ടാക്കി.

പയ്യന്നൂര്‍ സ്വദേശി ഗോപാലപൊതുവാളിനെ ജാനകി 1970 ല്‍ ആദ്യം വിവാഹം ചെയ്തിരുന്നു. ബാലകൃഷ്ണന്റെ മരണത്തിന് ശേഷം സ്വത്തുക്കള്‍ ജാനകിയുടെ പേരിലും പിന്നീട് ശൈലജ സ്വന്തം പേരിലേക്കും മാറ്റിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് ശക്തമായി രംഗത്തെത്തിയതോടെയാണ് സ്വത്ത് തട്ടിപ്പ് പുറത്ത് വന്നത്.

Related News from Archive
Editor's Pick