ഹോം » ഭാരതം » 

യുദ്ധ വിമാനങ്ങള്‍ നടുറോഡില്‍ പറന്നിറങ്ങി

വെബ് ഡെസ്‌ക്
October 24, 2017

ലക്‌നൗ: യുപിയിലെ ലക്നൗ ആഗ്ര എക്സ്പ്രസ് റോഡില്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങി. അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകള്‍ റണ്‍വേയാക്കാന്‍ കഴിയുമോയെന്ന് പരിശോധനയുടെ ഭാഗമായി 16 വിമാനങ്ങളാണ് പറന്നിറങ്ങിയത്. രാവിലെ പത്തു മുതല്‍ രണ്ടുവരെയാണ് പരിപാടി.

വ്യോമസേനയുടെ മുന്‍നിര യുദ്ധവിമാനങ്ങളായ മിറാഷ് 2000, സുഖോയ് 30 എംകെഐ വിമാനങ്ങള്‍ക്ക് പുറമെ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന എഎന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനവും പരീക്ഷണ ലാന്‍ഡിങ് അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ചരക്കുവിമാനം ദേശീയപാതയില്‍ ലാന്‍ഡ് ചെയ്യുന്നതും അവിടെ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതും.

യുന്നാവോ ജില്ലയിലെ ബാംഗാര്‍മാവു ഭാഗത്താണ് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും. പ്രകൃതി ദുരന്തമുണ്ടായാല്‍ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവടയക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വസ്തുക്കള്‍ എത്തിക്കാന്‍ ഇത് ഉപകരിക്കും.

2015ല്‍ മിറാഷ് 2000 വിമാനം ആഗ്രാ-ദല്‍ഹി യമുനാ എക്‌സ് പ്രസ് ഹൈവേയില്‍ ലാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ലഖ്‌നൗ ഹൈവേയില്‍ സുഖോയും മിറാഷുമിറങ്ങി. എന്നാല്‍ യുദ്ധ വിമാനം റോഡില്‍ ഇറക്കുന്നത് ആദ്യമായാണെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു.

പരിശീലനത്തോട് അനുബന്ധിച്ച് കുറച്ച് ദിവസങ്ങളായി ലക്‌നൗ – ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന നിയന്ത്രണമുണ്ടായിരുന്നിട്ടും റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് വിമാനങ്ങള്‍ നിലം തൊട്ടത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick