ഹോം » ഭാരതം » 

ഹിസ്ബുള്‍ മേധാവിയുടെ മകന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്
October 24, 2017

ന്യൂദല്‍ഹി: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ മകന്‍ സെയ്ദ് ഷഹീദ് യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.2011ല്‍ ഭീകരസംഘടനകള്‍ക്ക് വന്‍തോതില്‍ പണം ലഭ്യമാക്കിയെന്ന കേസിലാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ജീവനക്കാരനായ സെയ്ദ് ഷഹീദ് യൂസഫിനെ അറസ്റ്റു ചെയ്തത്.

സൗദിയില്‍ താവളമുറപ്പിച്ച ഹിസ്ബുള്‍ ഭീകരന്‍ ഐജാസ് അഹമ്മദ് ഭട്ടുമായി അടുത്ത ബന്ധമുള്ള സെയ്ദ് ഷഹീദ് ഇയാളില്‍ നിന്ന് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നാണ് കേസ്. ജമ്മുകശ്മീരിലെ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം ഉപയോഗിച്ചത്. കൃഷിവകുപ്പില്‍ എക്‌സ്റ്റന്‍ഷന്‍ അസിസ്റ്റന്റാണ് ഇയാള്‍. താമസിക്കുന്നത് ജമ്മു ബദ്ഗാമിലെ സുയിബഗ് ഗ്രാമത്തിലും.

ഭീകരരെ അടിച്ചമര്‍ത്തുകയും ഭീകരസംഘടനകളെ നിലയ്ക്ക് നിര്‍ത്തുകയും ചെയ്ത ശേഷം മോദി സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് മധ്യസ്ഥനെ നിയോഗിക്കുകയും ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് സെയ്ദ് ഷഹീദ് യൂസഫിന്റെ അറസ്റ്റ്.

ഐജാസില്‍ നിന്ന് വെസ്‌റ്റേണ്‍ യൂണിയന്‍ മണിട്രാന്‍സ്ഫര്‍ വഴിപണം സ്വീകരിച്ച് ഷഹീദ് യൂസഫ് അത് ഭീകരര്‍ക്ക് നാല് തവണകളായി കൈമാറിയതിന് എന്‍ഐഎക്ക് തെളിവുകളും ലഭിച്ചിട്ടുണ്ട്. പണം കൈമാറ്റം സംബന്ധിച്ച ഇവരുടെ സംഭാഷണങ്ങളും എന്‍ഐഎക്ക് ലഭിച്ചു. ഈ കേസില്‍ ഗുലാം മുഹമ്മദ് ഭട്ട്, മൊഹമ്മദ് സിദ്ദിഖി ജ്ഞാനി, ഗുലാം ഗിലാനി ലില്ലൂ, ഫറൂഖ് അഹമ്മദ് ദഗ്ഗ എന്നിവരെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ തിഹാര്‍ ജയിലിലാണ്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick