നവഭാരതം ലക്ഷ്യമിട്ട് ഭാരത് മാല പദ്ധതി

Thursday 26 October 2017 9:25 pm IST

ഭാരതത്തിലങ്ങോളാമിങ്ങോളം റോഡ് ഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പശ്ചാത്തല സൗകര്യത്തിലുള്ള വിടവുകള്‍ അടയ്ക്കുന്നതിനുള്ള സമഗ്ര ദേശീയപാത വികസന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ 550 ജില്ലകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാരത് മാല പദ്ധതിയാണിത്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച സുവര്‍ണ്ണ ചതുഷ്‌കോണ പാത പദ്ധതിക്കുശേഷം രാജ്യം കാണുന്ന ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയാണിത്. എട്ടുലക്ഷം കോടി രൂപയുടെ പാതവികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ പ്രേരകശക്തിയുമാകും. പിന്നാക്ക മേഖലകള്‍, ഗ്രോത്രമേഖലകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളുള്ള പ്രദേശങ്ങള്‍, മതപരമായും വിനോദസഞ്ചാരപരമായും പ്രാധാന്യമുള്ള പ്രദേശങ്ങള്‍, അതിര്‍ത്തിപ്രദേശങ്ങള്‍, തീരദേശ മേഖലകള്‍, അയല്‍രാജ്യങ്ങളുമായി വ്യാപാര യാത്രയ്ക്കുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവിടങ്ങളിലെ ബന്ധിപ്പിക്കലിനായിരിക്കും ഭാരത് മാലയില്‍ പ്രത്യേക ഊന്നല്‍ നല്‍കുക. ഭാരത് മാലയിലൂടെ രാജ്യത്തിന് 50 ദേശീയ ഇടനാഴികള്‍ ലഭിക്കും. ഇപ്പോള്‍ ആറെണ്ണം മാത്രമാണ് ഉള്ളതെന്ന് അറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിയുക. ഇതുമൂലം ഇന്നുള്ള 40 ശതമാനത്തിന് പകരം 70-80 ശതമാനം ചരക്കുകളും ദേശീയപാതകളിലൂടെ കൊണ്ടുപോകാനാകും. നിലവില്‍ 300 ജില്ലകള്‍ക്ക് പകരം രാജ്യത്തെ 550 ജില്ലകളെ ദേശീയപാതകളുമായി ബന്ധിപ്പിക്കാനും കഴിയും. രാജ്യത്തെ ചരക്കുനീക്ക സൂചികയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയും. ഇവയ്‌ക്കൊക്കെ പുറമെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ദേശീയപാത സൗകര്യ വികസനം എന്നീ മേഖലകളില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സാമ്പത്തികപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. അത് രാജ്യത്തെ റോഡു ബന്ധിപ്പിക്കല്‍ കൂടുതല്‍ മെച്ചമാക്കും ദേശീയ ഇടനാഴികളില്‍ തിരക്കുകൂടിയ ഭാഗങ്ങളില്‍ പാത വികസനം റിങ് റോഡുകള്‍, ബൈപാസുള്‍, എലവേറ്റര്‍ കോറിഡോറുകള്‍, ചരക്കു പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിച്ച് തിരക്ക് കുറയ്ക്കാനാണ് ഉദ്ദേശ്യം. രണ്ടു റോഡുകളിലധികം ബന്ധിപ്പിക്കുന്ന പാതകളെയാണ് അന്തര്‍ ഇടനാഴികളായി കണക്കാക്കുന്നത്. ഒന്നോ രണ്ടോ റോഡുകളെ ബന്ധിപ്പിക്കുന്നതിനെ സഹായക (ഫീഡര്‍) റോഡുകളായും പരിഗണിക്കും. നിലവില്‍ പലേടത്തും പശ്ചാത്തല സൗകര്യ വികസനത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ പരിഹരിക്കുന്നതരത്തിലായിരിക്കും ഇത് വികസിപ്പിക്കുക. ഭാരത്മാല പദ്ധതിയില്‍പ്പെടുത്തി തന്ത്രപ്രധാനമുള്ള 3300 കിലോമീറ്റര്‍ അന്തര്‍ദേശീയ പ്രാധാന്യമുള്ള റോഡുകളോടൊപ്പം നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2000 കിലോമീറ്റ അന്താരാഷ്ട്ര ബന്ധിപ്പിക്കല്‍ റോഡുകളും നിര്‍മ്മിക്കും. വിശദമായ പഠനത്തിന്റെയും ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക. സാമ്പത്തിക ഇടനാഴികളെ ഇപ്പോള്‍ നടന്നുവരുന്ന ദേശീയപാത വികസന പദ്ധതിയുമായി ബന്ധിപ്പിക്കാനും, പ്രമുഖ ഇടനാഴികളില്‍ നിലനില്‍ക്കുന്ന പശ്ചാത്തല അസമത്വങ്ങള്‍ ഇല്ലാതാക്കാനും കഴിയും. ഭാരത് മാല പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവ ഇന്ത്യ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പാതയൊരുക്കും. സുവര്‍ണ്ണ ചതുഷ്‌കോണ പാത വികസന പദ്ധതിയുടെ ഗുണഫലം കിട്ടാതിരുന്ന സംസ്ഥാനമാണ് കേരളം. ബിജെപിക്കാരുടെ ഒന്നും വേണ്ട എന്ന മനഃസ്ഥിതി അന്നത്തെ ഇടതു സര്‍ക്കാര്‍ വെച്ചുപുലര്‍ത്തിയതാണ് കാരണം. ഭാരത് മാലയോട് ആ സമീപനം സ്വീകരിക്കില്ലന്ന് വിചാരിക്കാം.