എഴുത്തില്‍ വ്യത്യസ്തന്‍, ജീവിതത്തിലും

Friday 27 October 2017 9:11 pm IST

സാഹിത്യരചനയിലും ജീവിതത്തിലും വ്യത്യസ്തത പുലര്‍ത്തുകയും, വായനക്കാരെ എന്നും അദ്ഭുതപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. കഥ പറയാന്‍വേണ്ടി മാത്രം ജനിച്ചയാളായിരുന്നു അദ്ദേഹം. അനുഭവങ്ങളില്‍നിന്ന് സ്വാംശീകരിച്ച കരുത്തിലിരുന്നാണ് അദ്ദേഹം കഥകളും നോവലുകളുമെഴുതിയത്. മലയാളിക്ക് അതെല്ലാം ഏറെ പ്രിയപ്പെട്ടതായി. മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യ സംഭാവനകള്‍ പുനത്തില്‍ നല്‍കി. അലിഗഢ് കഥകളുമായി ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്ന അദ്ദേഹം അന്യാദൃശമായ ഭാഷാശൈലിയുമായാണ് വായനക്കാരനെ കീഴ്‌പ്പെടുത്തിയത്. നിഷ്‌കളങ്കതയായിരുന്നു പുനത്തിലിന്റെ മുഖമുദ്ര. ആദ്യം കാണുന്ന ആളോടും ചിരപരിചിതനെപോലെ ഇടപെട്ടു. കൊച്ചുകുട്ടിയോടും വലിയവരോടും ഒരുപോലെ ചിരിച്ചു. വലിയസൗഹൃദങ്ങള്‍ക്കു നടുവില്‍ ജീവിച്ച് എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. എഴുത്തുകൊണ്ടുമാത്രമായിരുന്നില്ല കുഞ്ഞബ്ദുള്ള ആരാധകരെ സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റവും നിലപാടുകളുമാണ് കൂടുതല്‍ സ്വീകരിക്കപ്പെട്ടത്. എല്ലാത്തിനെയും ലളിതവത്കരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുഹൃത്തുക്കള്‍ ഏറെ അനുഭവിച്ചു. വലിയ സമ്മര്‍ദ്ദങ്ങള്‍ക്കു നടുവിലെത്തുമ്പോഴും ഉള്ളുതുറന്ന് ചിരിച്ച് എല്ലാത്തിനെയും നിസ്സാരവത്കരിക്കാനുള്ള പുനത്തിലിന്റെ ചാതുര്യം അപാരമായിരുന്നു. ഏതുവലിയ പ്രശ്‌നത്തെയും പുനത്തില്‍ സമീപിച്ചിരുന്നത് ശിശുസഹജമായ ചിരിയോടെയാണ്. പ്രതിസന്ധികളുണ്ടാകുന്നവര്‍ക്കെല്ലാം പെട്ടെന്ന് ഭേദമാകാനുള്ള മരുന്നായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന കുഞ്ഞിക്ക. ആധുനികത കത്തിനിന്നകാലത്താണ് കുഞ്ഞബ്ദുള്ള എഴുത്തില്‍ സജീവസാന്നിധ്യമാകുന്നത്. എന്നാല്‍ ആധുനികതയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്നില്ല അദ്ദേഹം. സ്വന്തമായ ശൈലിയും ഇടവും കണ്ടെത്തി. തത്വചിന്തയുടെ ഭാരം എഴുത്തില്‍ ഒരിടത്തും പ്രതിഫലിച്ചില്ല. വായനക്കാരന് നേരിട്ടു മനസ്സിലാകുന്നതായിരുന്നു ഭാഷ. എഴുത്തുകാരനെന്ന നിലയില്‍ വിലപ്പെട്ട സംഭാവനകള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളത്തിനു നല്‍കി. നോവലുകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍, ആത്മകഥ എന്നിങ്ങനെ പല സാഹിത്യ വിഭാഗങ്ങളില്‍ 75 വയസിനിടെ 40 ലധികം പുസ്തകങ്ങള്‍ കുഞ്ഞബ്ദുള്ള എഴുതി. ഓരോന്നും ഓരോ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വായനക്കാരെ സൃഷ്ടിക്കുകയുമുണ്ടായി. ഏതുകാര്യത്തിലും വ്യക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. അതുപലപ്പോഴും വിമര്‍ശനവിധേയമായിട്ടുമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെയൊന്നും കുഞ്ഞബ്ദുള്ള മുഖവിലക്കെടുത്തില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും, മാധവിക്കുട്ടി മുസ്ലിമായി മതംമാറിയപ്പോള്‍ താന്‍ ഹിന്ദുമതം സ്വീകരിക്കാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ചതുമെല്ലാം ഈ നിലപാടുകളുടെ ഭാഗമായിരുന്നു. ടി.പദ്മനാഭനെതിരെ കേസുകൊടുത്തും, ഒ.എന്‍.വി കുറുപ്പിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും അദ്ദേഹം ഉറച്ചുനിന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള യാത്രയാകുമ്പോള്‍ മലയാളിക്ക് നഷ്ടപ്പെടുന്നത് സ്‌നേഹിക്കാനും പ്രതിഷേധിക്കാനുമറിയുന്ന മനുഷ്യസ്‌നേഹിയെയാണ്. ഹിന്ദുമതാചാരപ്രകാരം തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു പുനത്തിലിന്റെ ആഗ്രഹം. അത് സാധ്യമാകാതെയാണ് അന്ത്യയാത്ര, മലയാളം സ്‌നേഹിച്ച എഴുത്തുകാരന് യാത്രാമൊഴി.