തിരുത്തിയെഴുതേണ്ട ചരിത്രപാഠങ്ങള്‍

Friday 3 November 2017 3:46 pm IST

ഇന്ത്യക്ക് ഏകശിലാത്മകമായ ചരിത്രമില്ലെന്ന വാദത്തിന്റെ മുഖ്യ പ്രയോക്താക്കള്‍ എന്നും ഇടതുപക്ഷവും അതിലെ ബുദ്ധിജീവി വിഭാഗവുമായിരുന്നു. പ്രത്യയശാസ്ത്ര അടുക്കളയില്‍ പാകംചെയ്‌തെടുത്ത ചരിത്രം മാത്രം മനഃപാഠമാക്കിയ ഇക്കൂട്ടര്‍ അക്കാദമികളെ നയിച്ചതിന്റെ ദുരന്തഫലം ഇന്ത്യയുടെ മണ്ണില്‍ ഇന്നും നീറി പുകഞ്ഞുകൊണ്ടേയിരിക്കുന്നു.ആര്യ-ദ്രാവിഡ വിഭജനവാദമായിരുന്നു അതിലെ ആദ്യ ആയുധം.നൂറ്റാണ്ടുകളോളം ഇന്ത്യയെ അടിമ രാജ്യമാക്കി ഭരിച്ചവര്‍, തങ്ങളുടെ മേധാവിത്വത്തെ അരക്കിട്ടുറപ്പിക്കാന്‍ തയ്യാറാക്കിയ ആ കാളകൂടവിഷത്തെ ആദ്യം സേവിച്ചതും അതിനു പ്രചാരം നല്‍കിയതും ഇടതുപക്ഷം തന്നെയാണ്. ചരിത്രത്തിലെ ആ ധൂമതിരശ്ശീല കീറിയെറിഞ്ഞത് പിന്നീട് നടന്ന സ്വതന്ത്ര ചരിത്രാന്വേഷണങ്ങളിലാണ്. പിന്നീട് ആര്യ ദ്രാവിഡ സംഘട്ടനം കെട്ടുകഥ മാത്രമാന്നെന്നു റോമില ഥാപ്പര്‍ അടക്കമുള്ള ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്ക് അംഗീകരിക്കേണ്ടിയും വന്നു. ഓരോ മനുഷ്യനും അവന്റേതായ അഭിരുചികള്‍ ഉണ്ട്. അതുപോലെ ഓരോ രാജ്യത്തിനും അതിന്റേതായ സവിശേഷതകളും. ഭാരതസംസ്‌കാരത്തിന്റെ മുദ്രപേറുന്ന മറ്റനേകം ഇടങ്ങള്‍ ഇന്ന് ഈ രാജ്യത്തുണ്ടായിരിക്കെ; താജ്മഹലിനു ലഭിക്കുന്ന അമിതശ്രദ്ധയെ ആണ് ബന്ധപ്പെട്ടവര്‍ ചോദ്യം ചെയ്തത്. താജ്മഹല്‍ ആര് എന്തിനുവേണ്ടി നിര്‍മ്മിച്ചുവെന്നത് പ്രസക്തമല്ലെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. താജ്മഹലിന്റെ നിര്‍മ്മാണത്തിനു പിന്നിലുള്ളത് ഭാരതീയരായ ഓരോ തൊഴിലാളികളുടെയും രക്തവും, വിയര്‍പ്പുമാണ്. അതിനാണ് കൂടുതല്‍ പ്രസക്തിയുള്ളത്. എന്തിനുവേണ്ടി താജ്മഹല്‍ നിര്‍മിച്ചു എന്ന കാര്യം ഇപ്പോഴും കെട്ടുകഥയേക്കാള്‍ അവിശ്വസനീയവുമാണ്. ഷാജഹാന്റെ മൂന്ന് ഭാര്യമാരില്‍ ഒരാളായിരുന്നു മുംതാസ് എന്നതുതന്നെ പവിത്രപ്രണയ കഥയുടെ സാധുതയെ ചോദ്യംചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ടിപ്പുവിനെ ദേശാഭിമാനിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ന്യൂനപക്ഷ പ്രീണനമല്ലാതെ മറ്റൊന്നും കര്‍ണാടക സര്‍ക്കാരിന്റെ ഈ നടപടിക്ക് പിന്നിലില്ല. ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിലും മതംമാറ്റുന്നതിലും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിലും ടിപ്പു പ്രകടിപ്പിച്ച ക്രൂരമായ ഔത്സുക്യം സമാനതകളില്ലാത്തതാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിലെ ഹിന്ദുക്കള്‍ക്കനുഭവിക്കേണ്ടിവന്ന നാരകീയമായ യാതനകള്‍ വിവരിക്കുന്ന എത്രയോ ചരിത്രരേഖകള്‍ സാമൂതിരിയുടെയും കോട്ടയം രാജാവിന്റെയും കോവിലകങ്ങളില്‍ നിന്നും, പാലക്കാട് കോട്ടയില്‍ നിന്നും ഈസ്റ്റിന്ത്യാ കമ്പനിയുടെ ഔദ്യോഗിക രേഖാശേഖരത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ചരിത്രവസ്തുതകളോട് ആവുന്നത്ര നീതി പുലര്‍ത്തുക എന്നത് ചരിത്രാന്വേഷിയുടെ കടമയാണ്. ചരിത്ര വസ്തുതകളെ പരിശോധിക്കാന്‍ പോലും മിനക്കെടാതെ അതെല്ലാം തല്‍പരകക്ഷികളുടെ ഗൂഢാലോചനയെന്ന് തള്ളുന്നതിനെ അപക്വമെന്നേ പറയാനാവൂ.1788നും 1791 നും ഇടയിലുള്ള ചേലാ കലാപകാലത്ത് നിരവധി അമുസ്ലിങ്ങളെ ടിപ്പു കൂട്ടക്കൊല ചെയ്തതായി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് മുപ്പതിനായിരത്തോളം ബ്രാഹ്മണരും ആയിരക്കണക്കിനു നായന്മാരും മലബാറിലെ വസ്തുവകകള്‍ എല്ലാം ഉപേക്ഷിച്ചു തിരുവിതാംകൂറില്‍ അഭയം തേടിയതായി ആ രേഖകള്‍ പറയുന്നു. ഇതെല്ലാം ബ്രിട്ടീഷ് അധികാരികളുടെ കുതന്ത്രമാണെന്നു വാദിക്കുന്നവര്‍, ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിവച്ചിരിക്കുന്നത് ബ്രിട്ടീഷ് അധികാരികളുടെ അറിവിലേക്കായി മാത്രം തയാറാക്കിയ ജോയിന്റ് കമ്മിറ്റി ഡയറികളിലാണെന്ന സത്യം മറച്ചുവയ്ക്കുന്നു. ടിപ്പുവിന്റെ കൊടും ക്രൂരതകള്‍ വിവരിക്കുന്ന വില്യം ലോഗന്റെ മലബാര്‍ മാന്വല്‍, മലബാര്‍ ചരിത്രത്തെ സംബന്ധിച്ചു ആശ്രയിക്കാവുന്ന അടിസ്ഥാന ഗ്രന്ഥമാണ്. ഒട്ടേറെ ഔദ്യോഗിക രേഖകള്‍ പരിശോധിച്ചും ഗവേഷണ പഠനങ്ങള്‍ നടത്തിയും തയ്യാറാക്കപ്പെട്ട ആ ഗ്രന്ഥത്തിന്റെ ചരിത്ര പ്രാധാന്യം പുതിയ ടിപ്പു ഭക്തര്‍ അറിയാത്തതാവാന്‍ വഴിയില്ല. ടിപ്പുവിന്റെ മലബാര്‍ ആക്രമണം, അതിന്റെ മതപരമായ സ്വഭാവം എന്നിവയെക്കുറിച്ചും, ഈ ആക്രമണത്തിനിടയില്‍ ഹിന്ദുക്കള്‍ക്കെതിരായി നടന്ന കൂട്ടക്കൊലകളും മതംമാറ്റങ്ങളും ക്ഷേത്രധ്വംസനങ്ങളും ഉള്‍പ്പെടെയുള്ള ഭീകരസംഭവങ്ങളെയുംകുറിച്ചും ഈ ഗ്രന്ഥത്തില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. വില്യം ലോഗന്റെ അഭിപ്രായത്തില്‍ അന്യമതസ്ഥരോട് അങ്ങേയറ്റം അസഹിഷ്ണുവായ മുസ്ലിം മതമൗലികവാദിയാണ് ടിപ്പു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ കാല നേതാക്കളില്‍ ഒരാളായ കെ. മാധവന്‍ നായരുടെ അഭിപ്രായത്തില്‍ ടിപ്പുവിന്റെ ചേലാകലാപമാണ് മലബാറില്‍ മാപ്പിള ലഹളയുടെ വിത്തു വിതച്ചത്. എത്രയോ ആയിരം ഹിന്ദുക്കളെ അന്ന് മുഹമ്മദ് മതത്തില്‍ ചേര്‍ത്തു (മലബാര്‍ കലാപം, കെ. മാധവന്‍ നായര്‍ )1789 ല്‍ 60000 പടയാളികളുമായി കോഴിക്കോട്ട് വന്ന് കോട്ടയും പട്ടണവും നിരത്തി 'ആ ക്രൂരന്‍ ചെയ്ത ക്രൂരതകള്‍ വിവരിക്കാന്‍വയ്യ' എന്നാണ് കേരളപ്പഴമയില്‍ ഗുണ്ടര്‍ട്ട് രേഖപ്പെടുത്തിയത്. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ നീണ്ട പട്ടികതന്നെ ലോഗന്‍സ് മാന്വലിലുണ്ട്. ടി.കെ. വേലുപ്പിള്ളയുടെ ഭാഷാ സാഹിത്യ ചരിത്രം,ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രം എന്നിവയെല്ലാം ടിപ്പുവിന്റെ പടയോട്ടം വിതച്ച നാശങ്ങള്‍ വിവരിക്കുന്നുണ്ട്. സര്‍ദാര്‍ കെ.എം. പണിക്കര്‍ 58 കൊല്ലം മുന്‍പ് ലണ്ടനിലെ ഇന്ത്യ ഓഫീസില്‍ നിന്നും കണ്ടെടുത്ത് പ്രസിദ്ധീകരിച്ച ടിപ്പുവിന്റെ തന്നെ കത്തുകള്‍ അയാളുടെ തനിനിറം കാണിക്കുന്നുണ്ട്.) ഒരു കത്ത് 1789 മാര്ച്ച് 22-ന് കോടഞ്ചേരിയിലെ അബ്ദുള്‍ ഖാദര്‍ക്ക് അയച്ചതാണ്. അതില്‍ പറയുന്നു: ''ദൈവത്തിന്റെ അനുഗ്രഹത്താല്‍ കോഴിക്കോട്ടു ദേശത്തു അധിവസിക്കുന്ന അവിശ്വാസികളെ ഒട്ടുമുക്കാലും നാം ഇസ്ലാംമതത്തില്‍ ചേര്‍ത്തുകഴിഞ്ഞിരിക്കുന്നു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മാത്രം കുറെപ്പേര്‍ മതംമാറാതെ കിടപ്പുണ്ട്. അവരേയും ഉടന്‍തന്നെ മുഹമ്മദീയരാക്കണമെന്നു ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇത് മതം സംബന്ധിച്ച ഒരു യുദ്ധമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.'' 1788 ല്‍ തന്റെ സൈന്യാധിപന് അയച്ച കത്ത് ഇങ്ങനെ: ''ഇവിടെനിന്നും രണ്ട് അനുചരന്മാരോടുകൂടി മീര്‍ ഹുസൈന്‍ അലിയെ അയച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപകൊണ്ട് അയാള്‍ താമസിയാതെ അവിടെ വന്നു ചേരും. അയാളോടു കൂടിച്ചേര്‍ന്നു നിങ്ങള്‍ അവിശ്വാസികളെ എല്ലാവരേയും തടവുകാരാക്കുകയും കൊലപ്പെടുത്തുകയും ചെയ്യണം. ഇരുപതു വയസ്സിനു താഴെയുള്ള സകല പുരുഷന്മാരെയും തടവില്‍ പാര്‍പ്പിക്കണം. ശേഷമുള്ള ആളുകളില്‍ അയ്യായിരത്തില്‍ കുറയാതെ ആളുകളെ മരക്കൊമ്പില്‍ കെട്ടിത്തൂക്കുകയും വേണമെന്ന് ഞാന്‍ ആജ്ഞാപിച്ചിരിക്കുന്നു.'' ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്. പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു. േഫാണ്‍: 9633349289